തിരുവനന്തപുരം : അമ്പൂരി, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളെ പരിസ്ഥിതിലോല പ്രദേശ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കൊടിയുടെ നിറം നോക്കില്ലെന്ന് ശശി തരൂർ എംപി. അമ്പൂരി ഗ്രാമപഞ്ചായത്തിൽ സംയുക്ത സമരസമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പൂരിയുടെ ശബ്‌ദം ഡൽഹിയിൽ മുഴങ്ങുന്നുവെന്നും ജനങ്ങളുടെ അഭിലാഷം സാധ്യമാകുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
തലമുറ തലമുറകളായി വസിച്ചുവരുന്ന മണ്ണ് ആർക്കും വിട്ടുനൽകേണ്ടി വരില്ലെന്നും അതിന് ഏതറ്റം വരെ പോകാനും സംസ്ഥാന സർക്കാർ കൂടെയുണ്ടാകുമെന്നും അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് പാറശാല എംഎൽഎ സി.കെ ഹരീന്ദ്രൻ പറഞ്ഞു. ഇതിനുവേണ്ടിയുള്ള എല്ലാ നടപടികളും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉറപ്പാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
നെയ്യാർ, പേപ്പാറ റിസർവോയറുകളുൾപ്പെടുന്ന കള്ളിക്കാട്, അമ്പൂരി, ആര്യനാട്, വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ സിംഹഭാഗം പ്രദേശങ്ങൾ പരിസ്ഥിതിലോലപ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ട് കരട് വിജ്ഞാപനം വന്നതോടെയാണ് ഗ്രാമങ്ങളിൽ പ്രതിഷേധങ്ങൾ ആഞ്ഞടിച്ചത്. സമരത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പ്രാദേശിക ഹർത്താലുകൾ ഉൾപ്പടെ സംഘടിപ്പിച്ചായിരുന്നു ജനങ്ങൾ രംഗത്തിറങ്ങിയത്.
ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇന്ന് (13.04.2022) പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും പരിപാടിയിൽ സന്നിഹിതരായിരുന്നു. വരുംദിവസങ്ങളിൽ സമരപരിപാടികൾ ശക്തിപ്പെടുത്താനുള്ള തയാറെടുപ്പിലാണ് സംയുക്ത സമരസമിതി പ്രവർത്തകർ.