തിരുവനന്തപുരം : 96 പട്ടികൾ, 8 പൂച്ചകൾ, നൂറോളം താറാവുകൾ, കോഴി, ആട്, മുയൽ, തത്ത, പ്രാവ് - ഇവയെല്ലാം ചേരുന്ന സ്നേഹാലയമാണ് സാറാമ്മയുടെ ലോകം. രോഗം ബാധിച്ചും അപകടം പറ്റിയും തെരുവിൽ ഗുരുതരാവസ്ഥയിലാകുന്ന മൃഗങ്ങളെ സംരക്ഷിക്കുകയാണ് തിരുവനന്തപുരം പേയാട് സ്വദേശി സാറാമ്മ. മരണം മുന്നിൽ കണ്ട മൃഗങ്ങൾക്ക് പുതിയൊരു ജീവിതം നൽകി പരിപാലിച്ചുപോരുന്നു ഈ വയോധിക.
സാറാമ്മയുടെ ലോകം വ്യത്യസ്‌തം : ചെറുപ്പം മുതലേ പക്ഷിമൃഗാദികളെ സംരക്ഷിക്കുന്നത് സാറാമ്മയുടെ ശീലമാണ്. സ്വന്തം മക്കളെ പോലെയാണ് ഇവയെ പരിചരിക്കുന്നത്. ഇവയ്ക്ക് ഭക്ഷണം നൽകിയും തലോടിയും സംസാരിച്ചും സ്‌നേഹം പകരുകയാണ് സാറാമ്മ.
കാൻസർ ബാധിച്ച ഒരാടിനെ കശാപ്പിനായി എത്തിച്ചിടത്തുനിന്നാണ് രക്ഷിച്ചത്. വയറ്റിൽ മുറിവേറ്റ് പുഴുവരിച്ചതിനെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട ലാബ് ഇനത്തിലെ പട്ടിക്കും സാറാമ്മ അഭയമൊരുക്കി. തെരുവിൽ വലിച്ചെറിയപ്പെടുന്ന മൃഗങ്ങളെ വീട്ടിലെത്തിച്ച് പോറ്റുന്നതുകൊണ്ട് പലരും മൃഗങ്ങളെ ഇവരുടെ വീട്ടിൽ ഉപേക്ഷിക്കാറുമുണ്ട്.
എന്നാൽ ഇവയെയെല്ലാം ചികിത്സിച്ച് ഭേദമാക്കി പരിപാലിക്കുന്നതിലാണ് സാറാമ്മയുടെ സന്തോഷം. രോഗം മാറിയ ശേഷം ഈ മൃഗങ്ങളെ വിൽക്കുകയോ വളർത്താനായി നൽകുകയോ ചെയ്യാറില്ല. എല്ലാം സാറാമ്മയുടെ സംരക്ഷണത്തിൽ തന്നെ.
ഇത്രയും മൃഗങ്ങളെ സുരക്ഷിതരായും വൃത്തിയായും സംരക്ഷിക്കുന്നതിന് ഒരു ഷെൽട്ടർ എന്ന ആശയമാണ് സാറാമ്മ സർക്കാരിന് മുന്നിൽവയ്ക്കുന്നത്. കൂടാതെ ഇവയുടെ ചെലവ് മൂലം വലിയ സാമ്പത്തിക ബാധ്യതയും ഇവർക്കുണ്ട്. ഭർത്താവിന്‍റെ തുച്ഛമായ പെൻഷനാണ് ഏക വരുമാനം.
ഉണ്ടായിരുന്ന തുണിക്കടയടക്കം വിറ്റാണ് മൃഗങ്ങളെ സംരക്ഷിക്കുന്നത്. ഇപ്പോൾ അയൽക്കാരടക്കം പരാതികൾ ഉന്നയിക്കുന്നുണ്ട്. ഇതിന് പരിഹാരമായി ഒഴിഞ്ഞ ഏതെങ്കിലും സ്ഥലം ലഭിച്ചാൽ അങ്ങോട്ട് മാറാൻ താൻ തയാറാണെന്ന് സാറാമ്മ പറയുന്നു.