തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, പത്തനംതിട്ട കലക്ടർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഹർജി പരിഗണിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, പത്തനംതിട്ട കളക്ടർ പി.ബി നൂഹ്, കണ്ണൂരിലെ കേരള ക്ലെയ്‌സ് ആൻഡ് സെറാമിക്‌സ് എം.ഡി എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ.
2018 ലെ പ്രളയത്തെ തുടർന്ന് പമ്പ ത്രിവേണിയിൽ അടിഞ്ഞ മണൽ നീക്കം ചെയ്യുന്നതിന് അനധികൃതമായി കണ്ണൂർ കേരള ക്ലെയ്‌സ് ആൻഡ് സെറാമിക്‌സ് എന്ന സ്ഥപനത്തിന് സൗജന്യമായി കരാർ നൽകിയത് വഴി സർക്കാർ ഖജനാവിന് ലഭിക്കേണ്ട പത്തു കോടി രൂപ നഷ്ടമായി എന്നാണ് ഹർജിയിലെ ആരോപണം.
ദുരന്ത നിവാരണ നിയമത്തിലെ 34 (ഡി) വകുപ്പ് അനുസരിച്ച് മാലിന്യങ്ങൾ നീക്കുവാൻ ഒരു കമ്പനിയെ നിയമിക്കാനുള്ള അധികാരം കലക്ടർ ദുർവിനിയോഗം ചെയ്തെന്നും ഇക്കാര്യം ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് അറിയാമായിരുന്നു എന്നും ഹർജിയിൽ ആരോപിക്കുന്നു. കേസിൽ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്തുവാൻ കഴിയുമോ എന്ന കാര്യം വിജിലൻസ് നിയമോപദേശകൻ ചൊവ്വാഴ്ച അറിയിക്കും.