തിരുവനന്തപുരം: പ്രളയവും അതേ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തെ ബുദ്ധിമുട്ടിലാക്കുമ്പോഴും ഖജനാവ് ധൂർത്തടിക്കാനൊരുങ്ങി പിണറായി സർക്കാർ. മുഖ്യമന്ത്രിയുടെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിമാരുടേയും ഓഫീസുകൾ മാറ്റുന്നതിനും നവീകരിക്കുന്നതിനുമായി 79 ലക്ഷം രൂപയുടെ ജോലികൾക്ക് ഭരണാനുമതി നല്‍കി. തദ്ദേശഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നിടത്തേക്കാണ് 39 ലക്ഷം രൂപ മുടക്കി മുഖ്യമന്ത്രിയുടെ ഓഫീസ് മാറ്റുന്നത്. തദ്ദേശ സ്വയംഭരണമന്ത്രിയുടെ ഓഫീസ് സെക്രട്ടേറിയേറ്റ് അനക്‌സിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് തദ്ദേശ സ്വംയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് സെക്രട്ടേറിയേറ്റ് അനക്‌സിലേക്ക് മാറ്റി, അവിടെ മുഖ്യമന്ത്രിയുടെ ഓഫീസാക്കി മാറ്റുകയാണ്.
സിവില്‍, ഇലക്ട്രിക് പണികള്‍ക്കായാണ് 39 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനാണ് വര്‍ക്ക് അനുവദിച്ചിരിക്കുന്നത്. മന്ത്രി എസി മൊയ്തീനും 25 ഓളം പേഴ്‌സണല്‍ സ്റ്റാഫുകളും പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് മുഖ്യമന്ത്രിയുടെ ഓഫീസാക്കാന്‍ വന്‍തുക ചിലവഴിക്കുന്നത്.
ഇതുമാത്രമല്ല, നോര്‍ത്ത് ബ്ലോക്കില്‍ നിന്നും സെക്രട്ടേറിയേറ്റ് അനക്‌സ് ഒന്നിലെ അഞ്ചാം നിലയിലേക്ക് മാറ്റുന്ന എ സി മൊയ്തീന്റെ ഓഫീസ് സജ്ജീകരിക്കാനായി 40 ലക്ഷം രൂപ വേറെയും അനുവദിച്ചിട്ടുണ്ട്. ഇലക്ട്രിക് പ്രവര്‍ത്തികള്‍ക്കായി 12,5000 രൂപയും സിവില്‍ പ്രവര്‍ത്തികള്‍ക്കായി 27,97000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ഊരാലുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് ഇതിന്‍റെയും വര്‍ക്ക് അനുവദിച്ചിരിക്കുന്നത്. മൊത്തത്തില്‍ സംസ്ഥാന ഖജനാവില്‍ നിന്ന് ചിലവഴിക്കുന്നത് 79,47000 രൂപയാണ്. പൊതുഭരണ വകുപ്പില്‍ നിന്നാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഈ ധൂർത്ത്.