തിരുവനന്തപുരം കാട്ടാക്കടയില്‍കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാന പ്രതി എക്സൈസ് പിടിയിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതിയും പൊലീസിനെ ആക്രമിച്ച കേസിലെ പിടികിട്ടാപുള്ളിയുമായ കണ്ടല ഹരിജൻ കോളനിയിലെ ജോസ് റോസ് എന്ന അജിത് ലാലിനെയാണ് കാട്ടാക്കട എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും ഒരു കിലോ നൂറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സംഘത്തിലെ കണ്ടല തെരളികുഴി വടക്കേക്കര വീട്ടിൽ കിച്ചു എന്ന മനോജിനെയും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.
കാട്ടാക്കട, കണ്ടല, മാറനല്ലൂർ പ്രദേശങ്ങളിൽ സ്‌കൂൾ-കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് കച്ചവടം നടത്തി വരുന്നവരിൽ പ്രധാനിയാണ് പിടിയിലായ അജിത് ലാൽ. സംഘം തമിഴ്‌നാട്ടിലെ മൊത്തവിതരണക്കാരിൽ നിന്നും കഞ്ചാവ് വാങ്ങി വാഹനങ്ങളില്‍ അതിര്‍ത്തി കടത്തിയാണ് ഗ്രാമീണ മേഖലകളില്‍ വിതരണം നടത്തിയിരുന്നത്. സ്കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ വഴി വില്‍പ്പന നടത്താറുണ്ടെന്നും കഞ്ചാവ് വിറ്റഴിക്കുന്നതിനായി നിരവധി യുവാക്കള്‍ സംഘത്തിലുണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയതായി എക്സൈസ് ഇൻസ്‌പെക്ടർ ബി.ആര്‍. സ്വരൂപ് പറഞ്ഞു.
കണ്ടല മിനി സ്റ്റേഡിയം ആണ് ഇയാളുടെ പ്രധാന കേന്ദ്രമെന്നുംഇയാളുടെ സംഘത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നുംഎക്സൈസ് ഇൻസ്‌പെക്ടർ ബി. ആർ. സ്വരൂപ് പറഞ്ഞു. കാട്ടാക്കട റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ബി. ആർ. സ്വരൂപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർവി. ജി. സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.