തിരുവനന്തപുരം: വിജയകരമായി മത്സ്യകൃഷി നടത്തി നെട്ടുകാല്‍തേരി തുറന്ന ജയില്‍. 3500 കിലോ മത്സ്യമാണ് ഇവിടെ നിന്നും വിളവെടുത്തത്. നെട്ടുകാൽത്തേരി ജയിൽവളപ്പിനുള്ളിലെ അഞ്ചേക്കറോളം വരുന്ന സ്ഥലത്തെ ജലം സംഭരിക്കാനുള്ള ചെക്ക് ഡാമിലാണ് 11 മാസം മുമ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഗ്രാസ്, കട്ട്ല, സിലോപിയ, സൈപ്രസ്, രോകു തുടങ്ങിയ ഇനം മത്സ്യങ്ങളാണ് കൃഷി ചെയ്തത്. നെട്ടുകാൽതേരി ഉൾപ്പടെ തിരുവനന്തപുരം സെൻട്രൽ ജയിൽ, ജില്ലാ ജയിൽ, സ്പെഷ്യൽ ജയിൽ, നെയ്യാറ്റിൻകര സബ് ജയിൽ എന്നിങ്ങനെ ജില്ലയിലെ അഞ്ച് ജയിലുകളിലേക്ക് മത്സ്യം എത്തിച്ചു. കൂടാതെ കിലോക്ക് 50 രൂപ മുതല്‍ 150 രൂപ വരെ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് മത്സ്യം വിപണനം ചെയ്തു.
ഫിഷറീസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് സംസ്ഥാനത്ത് നടത്തുന്ന ഉൾനാടൻ മത്സ്യ കൃഷി വൻ വിജയമാണെന്ന് സി കെ ഹരീന്ദ്രന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മത്സ്യകൃഷിയിലൂടെ ലഭിക്കുന്ന തുക ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നും ഇത്തരം കൃഷികൾ ജയിൽ അന്തേവാസികളുടെ മാനസിക സമർദ്ദങ്ങൾക്ക് അയവ് വരുത്തുമെന്നും ജയില്‍ സൗത്ത് സോണ് ഡിഐജി സന്തോഷ് പറഞ്ഞു.