തിരുവനന്തപുരം: മലേഷ്യയിൽ നടന്ന വേൾഡ് ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് നാട്ടിൽ വർണ്ണശബളമായ സ്വീകരണം. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ താരങ്ങൾക്ക് നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ ഉൾപ്പെടെയുള്ള പ്രമുഖർ എത്തിയാണ് സ്വീകരണം നൽകിയത്. നെയ്യാറ്റിൻകര താലൂക്കിലെ പാറശാല ഗേൾസ് ഹൈസ്കൂൾ, ഫാത്തിമ പബ്ലിക് സ്കൂൾ, നെയ്യാറ്റിൻകര കോൺവെന്‍റ് തുടങ്ങിയ സ്കൂളുകളിലെ 15 വിദ്യാർഥികളാണ് മികച്ച വിജയം നേടിയത്.
അഞ്ച് സ്വർണം, മൂന്ന് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് യുവ കായിക താരങ്ങൾ കരസ്ഥമാക്കിയത്. മാസ്റ്റേഴ്സിന്‍റെ വേൾഡ് വനിതാ ഓപ്പൺ വിഭാഗത്തിൽ നെയ്യാറ്റിൻകര കുടപ്പനമൂട് സ്വദേശി ഷാജിന സ്വർണ്ണമെഡലിൽ മുത്തമിട്ടത് രാജ്യത്തിനുതന്നെ അഭിമാനമായി.
32 രാജ്യങ്ങളിൽ നിന്നായി അൻപതിനായിരത്തോളം കായികതാരങ്ങളാണ് മലേഷ്യയിലെ സ്കോ സിറ്റിയിൽ നടന്ന വേൾഡ് ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്. ഇന്ത്യയിൽ നിന്ന് മാത്രം 2352 പേരാണ് മത്സരത്തിൽ പങ്കെടുത്തത്.