തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ ശുപാര്‍ശ. ശമ്പളത്തില്‍ കാര്യമായ വര്‍ധന വരുത്താതെ അലവന്‍സുകളിൽ 30 ശതമാനം വരെ വര്‍ധന വരുത്താനാണ് ശുപാര്‍ശ. ചികിത്സ ചെലവുകള്‍, ക്ഷാമ ബത്ത, യാത്ര ബത്ത തുടങ്ങിയ അലവന്‍സുകള്‍ വര്‍ധിപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
ജീവിത നിലവാര സൂചികയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെയുണ്ടായ വര്‍ധന കണക്കിലെടുത്ത് എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ശമ്പള വര്‍ധന ആകാമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ ഏകാംഗ കമ്മിഷന്‍ ശുപാര്‍ശ ചെയ്‌തത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്. കഴിഞ്ഞ മാസം കമ്മിഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. എന്നാൽ, സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം നടപ്പാക്കാതിരുന്നതെന്നാണ് സൂചന.
2018ലാണ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം അവസാനമായി വര്‍ധിപ്പിച്ചത്. മന്ത്രിമാര്‍ക്ക് 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70,000 രൂപയുമാണ് നിലവിലെ ശമ്പളം.