തിരുവനന്തപുരം: 51കാരിയായ നവവധുവിൻ്റെ മരണത്തിൽ കൂടുതൽ തെളിവുകൾ. കിടപ്പുമുറിയിലും ഫോറൻസിക് സംഘം രക്തക്കറ കണ്ടെത്തി. വൈദ്യുത അലങ്കാര വിളക്കിൽ നിന്ന് ഷോക്കേറ്റ് മരിച്ചു എന്ന ശാഖയുടെ ഭർത്താവ് അരുണിൻ്റെ മൊഴിക്ക് വിരുദ്ധമായാണ് ഈ കണ്ടെത്തൽ. ബോധരഹിതയായി ശാഖയെ കണ്ടെത്തിയ ഹാളിലും രക്തക്കറ കണ്ടെത്തിയിരുന്നു.
എന്നാൽ കൊലപാതകം ആണെന്ന കാര്യം പൊലീസ് ഇപ്പോഴും സ്ഥിരീകരിക്കുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ ഇക്കാര്യം പറയാനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ശാഖയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റുമോർട്ടത്തിന് ശേഷം കേസിൽ തുടർ നടപടികൾ സ്വീകരിക്കും. കൊലക്കേസിൽ ഭർത്താവ് അരുണിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.
വിവാഹം കഴിപ്പിക്കാൻ പ്രേരിപ്പിച്ചത് സ്വത്തു മോഹിച്ചെന്ന് അരുൺ പൊലീസിനോട് മൊഴിനൽകിയിരുന്നു. തൻ്റെ വിവാഹക്കാര്യം അടുത്ത ചില സുഹൃത്തുക്കൾക്ക് മാത്രമേ അറിയാവൂ എന്നും താൻ വിവാഹിതനാണെന്ന കാര്യം വീട്ടുകാർക്ക് അറിയില്ലെന്നും അരുൺ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
അതേസമയം കൊലപാതകം നടത്തിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ഇത് വരും മണിക്കൂറുകളിൽ നിന്നുള്ള ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമാകുമെന്നും ഇതിലേക്കായി ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.