തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ചെന്ന വാദം തള്ളി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. വാർത്ത വളച്ചൊടിച്ചെന്നും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം. വർധിച്ചുവരുന്ന അസമത്വങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ലെന്ന ആശങ്ക തന്‍റേതായ വാക്കുകളിൽ പ്രകടിപ്പിക്കുകയായിരുന്നു. ഏതെങ്കിലും രീതിയിൽ തൻ്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നു.
ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറൽ ഘടന എന്നീ തത്വങ്ങൾ കടുത്ത വെല്ലുവിളിയാണ് വർത്തമാന കാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിയമങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബർ കോഡുകൾ രാജ്യത്ത് അടിച്ചേൽപ്പിച്ചത് കൊടിയ ചൂഷണത്തിന് വഴിവയ്ക്കുമെന്നാണ് താൻ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യഭരണത്തിന് നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങൾ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്.
ഈ നയങ്ങള്‍ ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകർക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടിയതെന്നും സജി ചെറിയാൻ വിശദീകരിച്ചു. ധനാഭ്യർഥന ചർച്ചയിൽ മറുപടിക്ക് മുമ്പായിരുന്നു സജി ചെറിയാൻ്റെ വിശദീകരണം. അതേസമയം, മന്ത്രിയുടെ മറുപടി പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഭരണഘടനാവിരുദ്ധ പ്രസ്‌താവനയിൽ മന്ത്രി സജി ചെറിയാൻ രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടു.
ഭരണഘടനയെയും ഭരണഘടന ശിൽപികളെയും മന്ത്രി അവഹേളിച്ചതായും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു.