തിരുവനന്തപുരം: ശക്തമായ പോരാട്ടമാണ് ഇക്കുറി അരുവിക്കര മണ്ഡലത്തിൽ. മണ്ഡലത്തിലെ വികസന പ്രശ്‌നങൾ ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷത്തിന്‍റെയും ബിജെപിയുടെയും പ്രചരണം. അതേ സമയം തന്‍റെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് സിറ്റിംഗ് എം.എൽ.എ ആയ കെ.എസ് ശബരിനാഥൻ ഇതിനെ നേരിടുന്നത്. 2011 ലാണ് പുനർ നിർണയത്തിലൂടെ ആര്യനാട് നിയോജക മണ്ഡലം അരുവിക്കരയാകുന്നത്. നേരത്തെ ആര്യനാടിന്‍റെ ഭാഗമായിരുന്ന കാട്ടക്കാട പഞ്ചായത്തിനെ ഒഴിവാക്കിയും വെള്ളനാട്, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തുകളെ കൂട്ടി ചേർത്തുമാണ് അരുവിക്കര മണ്ഡലം രൂപീകരിച്ചത്.
2011 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിലും ആര്യനാട് മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന ജി. കാർത്തികേയന് ഒപ്പമായിരുന്നു വിജയം. 1991 ൽ ആര്യനാട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജി. കാർത്തികേയൻ 2015ൽ മരിക്കുന്നതു വരെ ആര്യനാടിനെയും പിന്നീട് അരുവിക്കരെയും ഒപ്പം നിർത്തി. ഇതിനിടെ ഒരിക്കൽ പോലും കാർത്തികേയനെ മണ്ഡലം കൈവിട്ടില്ല. അദ്ദേഹത്തിന്‍റെ മരണ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ കെ.എസ് ശബരിനാഥനൊപ്പവും അരുവിക്കര നിന്നു. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ 21314 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു കേറി. സിപിഎമ്മിലെ എ.എ റഷീദിനെയാണ് പരാജയപ്പെടുത്തിയത്.
കെ.എസ് ശബരിനാഥനെ തന്നെയാണ് ഇക്കുറിയും പോരാട്ടത്തിനായി യുഡിഎഫ് അരുവിക്കരയിൽ ഇറക്കിയിരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനു മുൻപേ ശബരിനാഥന്‍ മണ്ഡലത്തിലൂടെ പദയാത്ര ഉൾപ്പടെ സംഘടിപ്പിച്ച് പ്രചാരണ രംഗത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ അഞ്ചു വർഷവും മണ്ഡലത്തിൽ നടത്തിയ വികസനങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ പ്രചാരണം.
സിപിഎം കാട്ടക്കട ഏരിയ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്‍റും ആയിരുന്ന ജി.സ്റ്റീഫനെയാണ് മണ്ഡലം പിടിച്ചെടുക്കാൻ ഇക്കുറി എൽഡിഎഫ് നിയോഗിച്ചിരിക്കുന്നത്. നാടാർ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തിൽ ആ വോട്ടുകൾ പെട്ടിയിലാക്കുക എന്ന ലക്ഷ്യവും നാടാർ സമുദായത്തിൽപ്പെട്ട ജി.സ്റ്റീഫനെ സ്ഥാനാർഥിയാക്കിയതിലൂടെ സിപിഎമ്മിനുണ്ട്. ഇടതു മുന്നണിയിൽ 2011 വരെ ആർഎസ്‌പിയാണ് മണ്ഡലത്തിൽ മത്സരിച്ചിരുന്നത്. അവർ യുഡിഎഫിലേക്ക് പോയപ്പോൾ സീറ്റ് സിപിഎം ഏറ്റെടുക്കുകയായിരുന്നു. ഏതായാലും മാറിയാ സാഹചര്യത്തിൽ മണ്ഡലം ഇക്കുറി മുന്നണിക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. സർക്കാരിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളും ഉയർത്തിയാണ് ഇടതുമുന്നണിയുടെ പ്രചാരണം.
അതേ സമയം കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപി ഇക്കുറി മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ 14.12 ശതമാനം വോട്ടുകളാണ് അവർ നേടിയത്. ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടിയാണ് ഇത്തവണ അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ പല ജനക്ഷേമ പദ്ധതികളും മണ്ഡലത്തിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സർക്കാരും എംഎൽഎയും പരാജയപ്പെട്ടുവെന്ന ആരോപണമാണ് അവർ ഉയർത്തുന്നത്. ഒപ്പം മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളും അക്കമിട്ട് നിരത്തുന്നു.
അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, ഉഴമലയ്ക്കൽ, വെള്ളനാട്, കുറ്റിച്ചൽ, പൂവച്ചൽ എന്നീ എട്ട് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് അരുവിക്കര മണ്ഡലം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെള്ളനാട് ഗ്രാമപഞ്ചായത്ത് മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. ബാക്കി എല്ലാ മണ്ഡലങ്ങളിലും വൻ മുന്നേറ്റമാണ് ഇടതു മുന്നണിക്ക് ഉണ്ടായത്. ആദിവാസി വോട്ടും ഏറെ നിർണായകമായ മണ്ഡലം കൂടിയാണ് അരുവിക്കര.