തിരുവനന്തപുരം: കേരള നിയമസഭയുടെ 'സഭാ ടിവി' ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭ സ്പീക്കർ ഓം ബിർള വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി അടക്കമുള്ളവർ ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കും. അതേസമയം പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമെന്ന് അറയിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ പ്രധാന ചാനലുകളിൽ ആഴ്ചയിൽ അരമണിക്കൂർ ടൈം സ്ലോട്ട് വാടകയ്ക്ക് എടുത്ത് നിയമസഭ ടിവി തയ്യറാക്കുന്ന പരിപാടികൾ ആദ്യഘട്ടത്തിൽ സംപ്രേഷണം ചെയ്യും. കേരള നിയമസഭയുടെ പ്രവർത്തനങ്ങൾ വിവരിക്കുന്ന സഭയും സമൂഹവും, ഒരു ബില്ലിൻ്റെ രൂപികരണത്തിലെ വിവിധ ഘട്ടങ്ങൾ പറയുന്ന കേരള ഡയലോഗ്, വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തിയ സെൻട്രൽ ഹാൾ, നിയമസഭ മണ്ഡലങ്ങളെക്കുറിച്ചുള്ള നാട്ടുവഴി എന്നി പരിപാടികളാണ് സംപ്രേഷണം ചെയ്യുക. ടിവിയുടെ ഭാഗമായി ഒ.ടി.ടി പ്ലാറ്റ്ഫോമും തയ്യറാക്കുന്നുണ്ട്. സഭ ടിവിയുടെ പരിപാടികൾക്ക് പുറമെ പ്രദർശനാനുമതി ലഭിക്കാത്ത മികച്ച സിനിമകളും ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തും.