തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം സംബന്ധിച്ച ഗൂഢാലോചന കേസില്‍ കെഎസ് ശബരിനാഥന് ജാമ്യം. ഉപാധികളോടെയാണ് വഞ്ചിയൂർ കോടതി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും അരുവിക്കര മുന്‍ എംഎല്‍എയുമായ കെ.എസ് ശബരിനാഥന് ജാമ്യം അനുവദിച്ചത്.
50000 രൂപയുടെ രണ്ട് ആൾ ജാമ്യം, മൊബൈല്‍ ഫോൺ ഹാജരാക്കണം, ഈമാസം (ജൂലൈ) 20 , 21, 22 ഇതില്‍ ഏതെങ്കിലും ഒരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം എന്നിവയാണ് ഉപാധികൾ. ശബരിനാഥന് ജാമ്യം ലഭിച്ചതിനെ തുടർന്ന് വഞ്ചിയൂർ കോടതിക്ക് മുന്നില്‍ സിപിഎം പ്രതിഷേധ പ്രകടനം നടത്തി.
ഇന്ന് (19.07.2022) രാവിലെയാണ് കെ.എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തത്. വിമാനത്തിലെ പ്രതിഷേധം ആസൂത്രണം ചെയ്‌തത് ശബരിനാഥനാണെന്ന് തെളിയിക്കുന്ന ഒരു വാട്‌സ്‌ആപ്പ് സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയത്. ഇന്ന്(19.07.2022) 11 മണിയോടെ ശംഖുമുഖം അസിസ്റ്റന്‍റ് കമ്മിഷണര്‍ ഓഫിസിലെത്തിയ ശബരിനാഥനെ ചോദ്യം ചെയ്യല്‍ ആരംഭിക്കും മുന്‍പ് അറസ്റ്റ് ചെയ്യുകയായിരുന്നു.