തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ മാറ്റമില്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നത തലയോഗത്തില്‍ തീരുമാനം. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ മണ്ഡല-മകര വിളക്ക് കാലത്ത് തീര്‍ഥാടകരുടെ എണ്ണം പതിനായിരമാക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം തല്‍ക്കാലം പരിഗണിക്കാനാകില്ലെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. സീസണ്‍ ആരംഭിച്ച ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടുന്ന മുറയ്‌ക്ക് ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാമെന്നാണ് യോഗത്തിന്‍റെ തീരുമാനം.
പൊലീസിന്‍റെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 1000 പേര്‍ക്ക് വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് വീതവും പ്രവേശനം അനുവദിച്ചിട്ടുണ്ട്. അതേസമയം 48 മണിക്കൂറിനുള്ളില്‍ പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് എന്ന മുന്‍ നിബന്ധന ഒഴിവാക്കി 24 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കൊവിഡ് നെഗറ്റീവ് സര്‍റ്റിഫിക്കറ്റ് കരുതണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. നിലയ്ക്കലില്‍ നിന്ന് കൊവിഡ് നെഗറ്റീവ് പരിശോധന നടത്തണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആഭ്യന്തര സെക്രട്ടറി സഞ്ജയ് കൗള്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ, ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.