തിരുവനന്തപുരം: ഈ മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമല ദര്‍ശനം ആഗ്രഹിച്ചെത്തുന്ന എല്ലാ ഭക്തര്‍ക്കും പ്രവേശനം നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസു. 25000 പേര്‍ക്ക് പ്രതിദിനം ദര്‍ശനത്തിനാണ് അനുമതിയെങ്കിലും വരുന്നവരെ മടക്കി അയയ്ക്കരുതെന്നതാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. കേരള പൊലീസിന്‍റെ വെര്‍ച്വല്‍ ക്യൂ സമ്പ്രദായം വഴി രജിസ്റ്റര്‍ ചെയ്‌താണ് പ്രവേശനം.
ഭക്തജനങ്ങള്‍ക്ക് ഓണ്‍ലൈനായും നിലയ്ക്കല്‍, പത്തനംതിട്ട, എരുമേലി എന്നിവിടങ്ങളിലെത്തി സ്‌പോട്ട് ബുക്കിങ് വഴിയും ശബരിമലയില്‍ പ്രവേശിക്കാം. കൊവിഡ് വാക്‌സിന്‍റെ രണ്ടു ഡോസോ അല്ലെങ്കില്‍ 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍.ടി.പി.സിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ ഭക്തര്‍ കയ്യില്‍ കരുതണം. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഇത്തവണ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
'രാത്രി സന്നിധാനത്ത് തങ്ങാന്‍ അനുവാദമില്ല'
നെയ്യഭിഷേകം പാടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശമെങ്കിലും പുലര്‍ച്ചെ നടതുറക്കുന്നത് മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ നെയ്യഭിഷേകം അനുവദിക്കണമെന്ന് ദേവസ്വംബോര്‍ഡ് അഭ്യര്‍ഥിച്ചു. നെയ്യഭിഷേകം അനുവദിക്കില്ലെങ്കില്‍ ഭക്തര്‍ക്ക് അഭിഷേകം ചെയ്‌ത നെയ്യ് സന്നിധാനത്തു നിന്ന് ലഭ്യമാക്കും. തീര്‍ഥാടകരെ രാത്രി സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല.
ALSO READ: മുല്ലപ്പെരിയാർ മരംമുറി; മന്ത്രിമാര്‍ രാജിവെക്കേണ്ട സമയം കഴിഞ്ഞെന്ന് കെ സുധാകരൻ
അപ്പം, അരവണ എന്നിവ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. പമ്പാസ്‌നാനത്തിനും ഇത്തവണ അനുമതിയുണ്ട്.
കുടിവെള്ളം, അന്നദാനം എന്നിവയ്ക്കുള്ള സൗകര്യങ്ങളും ലഭ്യമാണെന്ന് ഇ.ടി.വി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു.