തിരുവനന്തപുരം: പ്ലസ്‌ടുവിനും നീറ്റ് പ്രവേശന പരീക്ഷയിലും ഉന്നത വിജയം കൈവരിച്ചിട്ടും വിദ്യാഭ്യാസത്തിനായി യുക്രൈയിനിലെ സര്‍വകലാശാലയെ ആശ്രയിച്ച അനേകം വിദ്യാര്‍ഥികളില്‍ ഒരാളാണ് അനഘ എ.എല്‍. രാജ്യത്തെ വിദ്യാഭ്യാസ നയത്തിന്‍റെ പോരായ്‌മ കൊണ്ടാണ് പഠനത്തിനായി വിദേശ യൂണിവേഴ്‌സിറ്റിയെ ആശ്രയിച്ചത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ അഞ്ചിലൊന്നും മലയാളികളാണെന്നും യുക്രൈയിനിലെ ബുക്കോവിനിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ (Bukovinian State Medical University) നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ, തിരുവനന്തപുരം മണ്ഡപത്തിന്‍കടവ് സ്വദേശിനി അനഘ പറയുന്നു.
നീറ്റ് പരീക്ഷയില്‍ ഭേദപ്പെട്ട റാങ്ക് നേടിയവര്‍ക്കു പോലും ഇന്ത്യയില്‍ പ്രവേശനം ലഭിക്കാതെ വരുമ്പോള്‍ ആശ്രയം വിദേശ യൂണിവേഴ്‌സിറ്റികളാണ്. യുക്രൈനില്‍ 18,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. ഇതില്‍ അഞ്ചിലൊന്നും മലയാളികളാണ്. സര്‍ക്കാര്‍ സഹായം തേടി യുക്രൈനില്‍ നിന്ന് നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്‌തത് 3493 വിദ്യാര്‍ഥികളാണ്.
പരീക്ഷയെഴുതിയത് 5 ലക്ഷത്തിലേറെ; സീറ്റ് 88000
സംസ്ഥാന പ്രവേശന പരീക്ഷകള്‍ അവസാനിപ്പിച്ച് നീറ്റ് എന്ന് കേന്ദ്രീകൃത പരീക്ഷ രീതിയിലാണ് ഇപ്പോള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം നീറ്റ് പ്രവേശന പരീക്ഷയെഴുതിയത് അഞ്ച് ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ്. ആകെയുള്ള എം.ബി.ബി.എസ് സീറ്റുകള്‍ 88,120 മാത്രമാണ്.
രാജ്യത്തെ സംവരണ നിയമങ്ങള്‍ അടക്കം പാലിക്കുമ്പോള്‍ സീറ്റ് ലഭിക്കണമെങ്കില്‍ ഉയര്‍ന്ന് റാങ്ക് ലഭിക്കണം. ഇതില്‍ 313 സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഏകദേശം 50,000 സീറ്റ്. ഇവിടെ പഠിക്കണമെങ്കില്‍ നീറ്റില്‍ ഉയര്‍ന്ന റാങ്ക് നേടണം. ഈ സാഹചര്യത്തില്‍ സ്വാശ്രയ കോളജുകള്‍ അല്ലെങ്കില്‍ വിദേശ യൂണിവേഴ്‌സിറ്റികള്‍ എന്ന തീരുമാനത്തിലേക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തുന്നു.
കേരളത്തില്‍ ഒരു കോടി; വിദേശത്ത് 22 ലക്ഷം വരെ
സംസ്ഥാനത്ത് സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യര്‍ഥികള്‍ക്ക് സ്വാശ്രയ കോളജുകള്‍ എന്നത് താങ്ങാനാവുന്നതിലും അധികമാണ്. കേരളത്തില്‍ ഒരു സ്വാശ്രയ മെഡിക്കല്‍ കോളജിലെ ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് 6.94 ലക്ഷം രൂപയാണ്. കോളജുകള്‍ക്ക് അനുസരിച്ച് ഫീസ് വ്യത്യാസം വരും. ട്യൂഷന്‍ ഫീസ് കൂടാതെ സ്‌പെഷല്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ ചേരുമ്പോള്‍ ഇത് 8.5 ലക്ഷം രൂപവരെയാകും. ഇതേ സീറ്റ് എന്‍.ആര്‍.ഐ ആണെങ്കില്‍ അത് 20 ലക്ഷം രൂപവരെയാകും.
മെഡിക്കല്‍ പഠന കാലയളവായ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പഠന ചെലവ് 40 ലക്ഷത്തിന് മുകളിലാകും. എന്‍.ആര്‍.ഐ ക്വാട്ടയിലാണെങ്കില്‍ അത് ഒരു കോടി രൂപ കടക്കും. എന്നാല്‍ വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചാല്‍ അത് 15 മുതല്‍ 20 ലക്ഷം രൂപയില്‍ ഒതുക്കാനാകും. യുക്രൈനില്‍ എം.ബി.ബി.എസ് പഠനത്തിന് മൂന്ന് മുതല്‍ 3.75 ലക്ഷം രൂപയ്ക്ക് ഇടയിലാണ് ഫീസ്.
പുറത്ത് സ്വന്തം താമസസ്ഥലങ്ങള്‍ കണ്ടെത്തുന്നവരാണെങ്കില്‍ ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ കഴിയും. ആദ്യ വര്‍ഷം ചേരുമ്പോള്‍ ട്യൂഷന്‍ ഫീസിനുപുറമേ രജിസ്‌ട്രേഷന്‍, അഡ്‌മിഷന്‍ ഫീസ്, വിസ നടപടികളുടെ തുക ഉള്‍പ്പെടെ ഒരു വിദ്യാര്‍ഥി നല്‍കേണ്ടി വരുന്നത് 5.55 ലക്ഷം രൂപ വരെയാണ്.
'ഭാഷയും അംഗീകാരങ്ങളും ആകര്‍ഷിക്കുന്നു'
ഫീസ് ഇളവ് മാത്രമല്ല യുക്രൈയിനിലെ യൂണിവേഴ്‌സിറ്റികളിലെ അംഗീകാരങ്ങളും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നുണ്ട്. യുക്രൈനിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ സീറ്റ് ലഭിക്കുന്നതിന് പ്രവേശന പരീക്ഷയ്ക്ക് ഹാജരാകേണ്ട ആവശ്യമില്ല. യുക്രൈനിലെ മിക്ക സര്‍വകലാശാലകള്‍ക്കും ലോകാരോഗ്യ സംഘടന, യൂറോപ്യന്‍ കൗണ്‍സില്‍ ഓഫ് മെഡിസിന്‍, യുണൈറ്റഡ് കിംഗ്‌ഡത്തിലെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ തുടങ്ങിയവയുടെ അംഗീകാരവുണ്ട്. ഇംഗ്ലീഷാണ് ഇത്തരം യൂണിവേഴ്‌സിറ്റികളിലെ പഠന ഭാഷയെന്നതും മലയാളി വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നുണ്ട്. വിദേശ ഭാഷയില്‍ പ്രാവീണ്യം നേടാനുളള പരിശീലനങ്ങളും നല്‍കുന്നുണ്ട്.
എഫ്.എം.ജി.ഇ എന്ന കടമ്പ
വിദേശ യൂണിവേഴ്‌സിറ്റികളില്‍ ഡെിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പ്രാക്‌ടീസ് ചെയ്യണമെങ്കില്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്‍ വിജയിക്കണം. എന്നാല്‍ ഈ പരീക്ഷയില്‍ വിദേശത്ത് പഠിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ വിജയിക്കുന്നത് കുറവ് ശതമാനം മാത്രമാണ് കഴിഞ്ഞ ഡിസംബറിലെ പരീക്ഷ 23,349 പേര്‍ എഴുതിയതില്‍ വിജയിച്ചത് 5665 പേര്‍ മാത്രം. യുക്രൈനില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന നാലായിരത്തോളം വിദ്യാര്‍ഥികള്‍ പ്രതിവര്‍ഷം എഫ്.എം.ജി.ഇ എഴുതുന്നുവെന്നും ഇതില്‍ 400ല്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമാണ് വിജയിക്കുന്നതെന്നുമാണ് കണക്കുകള്‍.
'പഠനത്തില്‍ മികവ് തെളിയിച്ചിട്ടും അവസരം ലഭിച്ചില്ല'
പഠനത്തില്‍ മികവ് തെളിയിച്ചിട്ടും ഇവിടെ അവസരം ലഭിക്കുന്നില്ല. അതുകൊണ്ടാണ് വിദേശ സര്‍വകലാശാല തെരഞ്ഞെടുത്തത്. നീറ്റ് അടക്കം പാസായിട്ടുണ്ട്. എന്നാല്‍ ഇവിടെ അവസരം ലഭിച്ചില്ല. സ്വാശ്രയ കോളജുകളില്‍ പഠനത്തിനുപോകാനുള്ള സാമ്പത്തിക സ്ഥിതിയില്ല. അവിടെ കാലവസ്ഥയടക്കം വെല്ലുവിളിയാണ്. എന്നാല്‍ പഠനം എന്ന ആഗ്രഹത്തില്‍ ഈ പ്രതിസന്ധികളെയെല്ലാം മറികടക്കുകയാണ്.
'സാമൂഹ്യമാധ്യമങ്ങളിലെ കളിയാക്കലുകള്‍ വേദനിപ്പിക്കുന്നു'
യുക്രൈനിലെ യുദ്ധമുഖത്തു നിന്നും മടങ്ങിയെത്തിയപ്പൊള്‍ ആശ്വാസമായെങ്കിലും ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അവഹേളനങ്ങള്‍ വിഷമമുണ്ടാക്കുന്നു. കളിയാക്കലുകള്‍ വിഷമമുണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം, യുദ്ധം മൂലം പഠനത്തിന്‍റെ ഭാവി എന്താകുമെന്ന ആശങ്കയുമുണ്ട്. ഈ മോശം സാഹചര്യങ്ങളെ എങ്ങനെയും നേരിടുമെന്ന ആത്മവിശ്വാസമാണുള്ളതെന്നും അനഘ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.