തിരുവനന്തപുരം: ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുമ്പോഴുള്ള പിഴ 1000 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചു. ഇത് സംബന്ധിച്ച കേന്ദ്ര നിയമത്തിലാണ് മന്ത്രിസഭാ യോഗം ഭേദഗതി വരുത്തിയത്. പൊതുജനങ്ങളുടെ എതിര്‍പ്പും മോട്ടോര്‍ വാഹന വകുപ്പിന്‍റെ ശുപാര്‍ശയും പരിഗണിച്ചാണ് നിരക്കുകള്‍ പുതുക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പിഴതുകയില്‍ മാറ്റം വരുത്തില്ല. പെറ്റി കേസുകള്‍ക്ക് കേന്ദ്രം നിശ്ചയിച്ച പിഴ തുക 500 ല്‍ നിന്ന് 250 രൂപയാക്കി. അമിത വേഗത്തില്‍ വാഹനമോടിക്കുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള ആദ്യ പിഴ ശിക്ഷ 1000 മുതല്‍ 2000രൂപ വരെ എന്നത് 1500 രൂപയും മീഡിയം ഹെവി വെഹിക്കിളുകള്‍ക്ക് 3000 രൂപയായും നിജപ്പെടുത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അപകടകരമായി വാഹനമോടിക്കുന്നതിന് ആദ്യ കുറ്റത്തിന് 2000 രൂപയും ആവര്‍ത്തിച്ചാല്‍ 10000 എന്നത് 5000 രൂപയായും കുറച്ചു. ശബ്ദ-വായു മലിനീകരണത്തിന് 10000 രൂപ എന്നത് 2000 രൂപയായി കുറച്ചു.
പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കുന്ന ആദ്യ കുറ്റത്തിന് 3000 രൂപയും ആവര്‍ത്തിച്ചാല്‍ 7500 രൂപയുമാക്കി. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് ആദ്യ കുറ്റത്തിന് 2000 രൂപയും ആവര്‍ത്തിച്ചാല്‍ 4000 രൂപയുമാക്കി. ആംബുലന്‍സ് ഫയര്‍ സര്‍വ്വീസസ് എന്നിവയ്ക്ക് സൈഡ് നല്‍കാതിരിക്കുന്നതിനുള്ള പിഴ ശിക്ഷ 10,000 രൂപയില്‍ നിന്ന് 5000 രൂപയാക്കി. രജിസ്റ്റര്‍ ചെയ്യാതെയോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് ഇല്ലാതെയോ വാഹനം ഓടിക്കുന്നതിനുള്ള പിഴ ശിക്ഷ 2000 രൂപയില്‍ നിന്ന് 3000 രൂപയായും വര്‍ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച പുതുക്കിയ തുക വളരെ ഉയര്‍ന്നതാണെന്നും സംസ്ഥാന സര്‍ക്കാര്‍ രാജാവിനെക്കാള്‍ രാജഭക്തി കാട്ടുന്നുവെന്ന് വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പിഴ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.