തിരുവനന്തപുരം: പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്‍പില്‍ ബൈക്ക് കത്തി നശിച്ചു. കെഎല്‍ 02 ബിസി 4615 എന്ന നമ്പറിലുള്ള പൾസർ ബൈക്കാണ് കത്തി നശിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.
എൻജിനിലെ സ്‌പാർക്ക് മൂലമുണ്ടായ ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്ക് പൂർണമായും കത്തിനശിച്ചു. ചെങ്കൽച്ചൂളയിൽ നിന്ന് ഫയർഫോഴ്‌സിന്‍റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. കരുനാഗപ്പള്ളി സ്വദേശി അരുൺ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്.
അപകടം നടക്കുമ്പോൾ അരുൺ ബാബുവിൻ്റെ സുഹൃത്ത് ശരത്താണ് വാഹനം ഓടിച്ചിരുന്നത്. ബൈക്കിൽ നിന്നും പുക ഉയരുന്നത് കണ്ട് ശരത്ത് ഇറങ്ങി മാറിയതിനാൽ അപകടം ഒഴിവായി. സംഭവം നടക്കുമ്പോൾ ശരത്തിന്‍റെ സുഹൃത്തും വാഹനത്തിൽ ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ കന്‍റോണ്‍മെന്‍റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.