തിരുവനന്തപുരം: മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരിലേക്ക് അധികാരം ചുരുക്കുന്ന റൂൾസ് ഓഫ് ബിസിനസില്‍ നിന്ന് സർക്കാർ പിൻമാറുന്നു. ഘടകക്ഷി മന്ത്രിമാരുടെ എതിർപ്പിനെ തുടർന്നാണ് നീക്കം. മന്ത്രിമാരുടെ അധികാരം ലഘൂകരിച്ച് കൊണ്ട് ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നീ ഉദ്യോഗസ്ഥ സംവിധാനത്തിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന ഭേദഗതിയെ കുറിച്ച് വിശദമായി പരിശോധിക്കാൻ നിയോഗിച്ച ഉപസമിതി യോഗത്തിൽ മന്ത്രിമാർ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. നേരത്തെ ഉപസമിതി കരട് നിർദേശങ്ങൾ തയ്യാറാക്കാൻ യോഗം ചേർന്നപ്പോഴും മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ എന്നിവർ എതിർപ്പ് അറിയിച്ചിരുന്നു. സർക്കാരിന്‍റെ കാലാവധി അവസാനിക്കാറായ ഘട്ടത്തിൽ ഇങ്ങനെയൊരു ഭേദഗതിയുടെ ആവശ്യകതയെയാണ് ഘടകകക്ഷി മന്ത്രിമാർ ചോദ്യം ചെയ്തത്.
ചീഫ് സെക്രട്ടറിക്ക് അമിതാധികാരം നൽകിയതിന്‍റെ പരിണിതഫലമാണ് സ്പ്രിംഗ്ലർ, ലൈഫ് മിഷൻ പദ്ധതികളിലെ തിരിച്ചടിയെന്നും മന്ത്രിമാർ യോഗത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. മന്ത്രിമാരുടെ അധികാരം വെട്ടിച്ചുരുക്കി മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കുമ്പോൾ വകുപ്പ് മന്ത്രിമാർ നോക്കുകുത്തികളായി മാറുമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. ഭേദഗതി വരുത്തിയാല്‍ മന്ത്രിമാർ കാണാതെ സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ ഫയലുകളിൽ തീരുമാനമെടുക്കാം. ഈ നീക്കത്തിനെതിരെ സിപിഐയും എതിർപ്പ് അറിയിച്ചിച്ചിരുന്നു. സി.പി.ഐയുടെ നിലപാട് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉപസമിതി യോഗത്തിൽ ശക്തമായി ഉന്നയിച്ചതായാണ് വിവരം. അതേസമയം റൂൾസ് ഓഫ് ബിസിനസ് ചട്ട ഭേദഗതി തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ഉൾപ്പെടുന്ന ഉന്നതതല സമിതിയാണെന്നാണ് ആരോപണം. അന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും നിയമം, ധനം, പൊതുഭരണ വകുപ്പ് സെക്രട്ടറിമാരും ആയിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. ജനാധിപത്യ സംവിധാനത്തിൽ ഇത്തരം അധികാര കേന്ദ്രീകരണം കേരളം പോലൊരു സംസ്ഥാനത്തിന് യോജിച്ചതാണോയെന്ന ചോദ്യമാണ് മന്ത്രിമാർ മുന്നോട്ടുവയ്ക്കുന്നത്.