തിരുവനന്തപുരം: മകരവിളക്ക് തീർഥാടന കാലത്ത് ശബരിമല ദർശനത്തിന് കൊവിഡ് ഇല്ലെന്ന ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ.വാസു. 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന ഫലമാണ് വേണ്ടത്. അതില്ലാതെ വരുന്ന ആരെയും മലകയറാൻ അനുവദിക്കില്ലെന്നും എൻ. വാസു പറഞ്ഞു.
ഡിസംബർ 30 മുതലാണ് മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറക്കുന്നത്. ആർടിപിസിആർ പരിശോധന നിര്‍ബന്ധമാക്കുന്നതിലൂടെ ശബരിമലയിൽ കൊവിഡ് വ്യാപനം തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൻ വാസു പറഞ്ഞു. ശബരിമലയിൽ വരുമാനത്തിൽ വൻ ഇടിവാണ് ഉണ്ടായത്. എട്ടു കോടി രൂപയാണ് മണ്ഡലകാലത്തെ ആകെ വരുമാനം.
ലാഭ നഷ്ട കണക്കുകൾ നോക്കിയല്ല തീർഥാടനം നടത്താർ തീരുമാനിച്ചത്. ദേവസ്വം ബോർഡിൻ്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാന സർക്കാർ 50 കോടി രൂപ സഹായം നൽകി. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ശബരിമലയിൽ നിയന്ത്രണം തുടരുമെന്നും എൻ.വാസു പറഞ്ഞു.