തിരുവനന്തപുരം: വിമാനയാത്ര നിരക്ക് വർധനവ് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനയാത്ര നിരക്കിലുണ്ടാകുന്ന വർധനവ് പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നുവെന്ന് മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തര വിമാന സർവീസുകൾക്കും അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കും കൊവിഡിന് മുൻപുള്ളതിനേക്കാൾ വളരെ ഉയർന്ന നിരക്കാണ് കമ്പനികൾ ഈടാക്കുന്നത്. ഇത് നാട്ടിലേക്ക് വരാനിരിക്കുന്ന എൻആർഐകളെ ബാധിക്കുന്നുവെന്നും പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാണിച്ചു.
ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ കേരളത്തിന്‍റെ ടൂറിസം മേഖലയെയും ഉയർന്ന യാത്ര നിരക്ക് ബാധിക്കും. സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും ടൂറിസം മേഖലയെ കരകയറ്റുന്നതിനും വിഷയത്തിൽ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.
ഇതിനുപുറമെ, നേമം കോച്ചിങ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേയുടെ തീരുമാനവും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകൾക്കായുള്ള ഉപഗ്രഹ ടെർമിനലായി നിർദേശിക്കപ്പെടുന്ന നേമം കോച്ചിങ് ടെർമിനൽ പദ്ധതി സംസ്ഥാനത്തെ റെയിൽ ഗതാഗത വികസനത്തിന് അത്യന്താപേക്ഷിതമാണ്. പദ്ധതി ഉപേക്ഷിക്കുന്നത് ഭൂമി വിട്ടുനൽകിയവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ പദ്ധതി ഉപേക്ഷിക്കുന്നത് പുനഃപരിശോധിക്കണമെന്നും ഉടൻ അനുമതി ലഭിക്കുമെന്ന് ഉറപ്പാക്കാൻ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നേമം കോച്ചിങ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേയുടെ തീരുമാനം കേരളത്തിന്‍റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ തിരിച്ചടിയാണ്. 2011-12ലെ കേന്ദ്ര ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തിയിരുന്നുവെന്നും 2019 മാർച്ചിൽ തറക്കല്ലിടുമ്പോൾ കേന്ദ്ര റെയിൽവേ മന്ത്രി അതിന്‍റെ പ്രാധാന്യം അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.