തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ കെട്ടിട നിർമാണ പെർമിറ്റിനും ലൈസൻസിനും ചെലവ് കൂടും. പഞ്ചായത്തുകളിൽ ലൈസൻസ് അപേക്ഷ ഫീസ് ചതുരശ്ര മീറ്ററിന് 300 മുതൽ 3,000 രൂപ വരെയായി ഉയരും. കോർപറേഷനിൽ 300 മുതൽ 5,000 വരെയും മുൻസിപ്പാലിറ്റിയിൽ 300 മുതൽ 4,000 വരെയുമാണ് പുതുക്കിയ ഫീസ്. ഇന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ബജറ്റ് നിർദേശത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകൾ പരിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് തദ്ദേശ ഭരണ വകുപ്പ് ഫീസ് നിരക്കുകൾ ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. ഇതിന് പുറമെ പെർമിറ്റ് ഫീസും വർധിപ്പിച്ചിട്ടുണ്ട്.
പുതുക്കിയ നിരക്ക് പ്രകാരം പഞ്ചായത്തുകളിൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടിന് 525 രൂപയായിരുന്നത് 7500 രൂപയാക്കി വർധിപ്പിച്ചു. 250 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള വീടിന് 1750 രൂപയായിരുന്നത് 25000 രൂപയാക്കി വർധിപ്പിച്ചു. നഗരപരിധിയിൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടിന് 750 രൂപയായിരുന്നത് 15000 രൂപയാക്കി വർധിപ്പിച്ചു. 250 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള വീടിന് 2500 രൂപയായിരുന്നത് 37500 രൂപയാക്കി വർധിപ്പിച്ചു. ഇത് സംബന്ധിച്ച് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
അതേസമയം പെട്രോളിനും ഡീസലിനും രണ്ട് രൂപ സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തിയ സംസ്ഥാന ബജറ്റ് നിർദേശം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനാണ് ഇന്ധന നിരക്ക് രണ്ട് രൂപ വീതം വർധിപ്പിച്ചതെന്നാണ് സർക്കാർ വാദം. ഇതിലൂടെ 750 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
മാത്രമല്ല 500 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 20 രൂപയും 1,000 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 40 രൂപയും അധികമായി ഈടാക്കുമെന്ന ബജറ്റ് പ്രഖ്യാപനവും ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തില്‍ വന്നു. 400 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ നിരക്ക് വർധനവിലൂടെ പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പം ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കാനുള്ള ഏപ്രിൽ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വന്നു. വിപണി വിലയും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുന്നത് എന്നാണ് ധനമന്ത്രി ഇത് സംബന്ധിച്ച് മുന്നോട്ട് വയ്‌ക്കുന്ന ന്യായം. അതേസമയം ഇന്ധന വില വർധനയിലടക്കം രൂക്ഷ വിമർശനമാണ് പൊതുജനങ്ങൾ ഉന്നയിക്കുന്നത്. ഇന്ധന വില വർധന ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും കുടുംബ ബജറ്റ് താളം തെറ്റുമെന്നും ജനങ്ങൾ കുറ്റപ്പെടുത്തിയിരുന്നു.