തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ കൂടുതൽ വിശദീകരണവുമായി റവന്യു മന്ത്രി നിയമസഭയിൽ. കേസിൽ സർക്കാരിന് അനധികൃതമായി ആരെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നിയോഗിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കൃത്യവും വ്യക്തവുമായി അന്വേഷണം നടത്തുന്നുണ്ടെന്നും റവന്യു മന്ത്രി കെ.രാജൻ. സർക്കാരിന് ഒരു രൂപ പോലും നഷ്ടം വരാതെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം.
സർക്കാർ ഇടപെടലില്ലെന്ന് മന്ത്രി
റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിക്ക് ഗുഡ് സർവീസ് എൻട്രി നൽകിയത് സർക്കാരല്ല. ഉദ്യോഗസ്ഥയുടെ പരാതി ലഭിച്ചയുടൻ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗുഡ് സർവീസ് എൻട്രി നൽകുന്നതിലും പിൻവലിക്കുന്നതിലും ഒരു ഇടപെടലും ഉണ്ടായില്ല. മരംമുറി കേസിൽ പ്രതി പട്ടികയിലുള്ള ആരും മുൻ മന്ത്രിമാരെ കണ്ടിട്ടില്ല എന്നാണ് വിശ്വാസമെന്ന് മന്ത്രി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വയനാട് ജില്ല കലക്ടർ ആശങ്ക അറിയിച്ചിരുന്നു. ഇതിന് മുൻപ് തന്നെ റവന്യൂ സെക്രട്ടറി വിവാദ ഉത്തരവ് പിൻവലിക്കാൻ നിയമവകുപ്പിന് നിർദേശം നൽകിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Also Read: സേഠിന്‍റെ പാരമ്പര്യം മറന്ന ഐഎൻഎല്ലും അരിശത്തിലായ സി.പി.എമ്മും! ശേഷമെന്ത്?
ചോദ്യോത്തര വേളയിൽ മന്ത്രിയുടെ മറുപടിക്കിടെ പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചത് അൽപസമയം വാക്കേറ്റത്തിന് വഴിവച്ചു. മുഖ്യമന്ത്രിയെ പോലെ പഞ്ച് ഡയലോഗ് അല്ല വേണ്ടത് എന്ന പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യത്തിന് പഞ്ച് ഡയലോഗ് അല്ല പഞ്ച് നടപടികളാണ് ഉണ്ടായത് എന്ന് മന്ത്രി തിരിച്ചടിച്ചു.