തിരുവനന്തപുരം: നിർമാണത്തിൽ ക്രമക്കേടുള്ള കെട്ടിടത്തിന് പെർമിറ്റ് നൽകാൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്ന ആരോപണവുമായി ബിജെപി രംഗത്ത്. സിപിഎം നിയന്ത്രണത്തിലുള്ള പാപ്പനംകോട് സർവീസ് സഹകരണ ബാങ്കിന്‍റെ പുതിയ കെട്ടിടത്തിന് പെർമിറ്റ് നൽകാത്തതിന്‍റെ പ്രതികാര നടപടിയാണ് സ്ഥലംമാറ്റമെന്ന് ബിജെപി ആരേപിച്ചു. ഒൻപതു മാസമായി കോർപ്പറേഷനിൽ ജോലി ചെയ്‌തു വന്ന സൂപ്രണ്ടിങ് എഞ്ചിനീയർ അനിൽ കുമാറിനെയാണ് കഴിഞ്ഞ ദിവസം കിഫ്ബിയിലേക്ക് മാറ്റിയത്.
കെട്ടിട നിർമാണ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് പാപ്പനംകോട് സർവീസ് സഹകരണ ബാങ്കിന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിർമാണമെന്ന് ബിജെപി ചൂണ്ടിക്കാട്ടി. കെട്ടിടത്തിന് പെർമിറ്റ് നൽകാൻ ഉന്നത സമ്മർദമുണ്ടായിരുന്നെന്നും വിളപ്പിൽശാലയിൽ പുതിയ പദ്ധതിയിൽ എസ്റ്റിമേറ്റില്ലാതെ ഒപ്പുവയ്ക്കില്ലെന്ന് എഞ്ചിനീയർ നിലപാടെടുത്തതും ഭരണപക്ഷത്തെ പ്രകോപിപ്പിച്ചുവെന്നുമാണ് ബിജെപിയുടെ വാദം.
ക്രമക്കേടുകൾക്കു കൂട്ടുനിൽക്കാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരോട് പ്രതികാര നടപടി സ്വീകരിക്കുകയും തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയുയാണ് എല്‍ഡിഎഫ് ഭരണസമിതിയെന്ന് ബിജെപി ആരോപിച്ചു.