തിരുവനന്തപുരം: ശക്തമായ കടലാക്രമണത്തില്‍ തീരം കടലെടുത്ത ശംഖുമുഖത്ത് കർക്കിടക വാവ് ബലിതർപ്പണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ശംഖുമുഖത്ത് കടൽ കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താനൊരുങ്ങുന്നവര്‍ വര്‍ക്കല, തിരുവല്ലം, അരുവിക്കര, അരിവിപ്പുറം എന്നിവിടങ്ങളിലോ ജില്ലയിലെ മറ്റ് സ്‌നാനഘട്ടങ്ങളിലോ ബലിതര്‍പ്പണത്തിന് പോകാന്‍ തയാറാകണമെന്ന് കളക്ടര്‍ കെ ഗോപാലകൃഷ്ണൻ അറിയിച്ചു.
ശക്തമായ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് ശംഖുമുഖം തീരത്തെ കല്‍കെട്ടുകളടക്കം തകര്‍ന്നിട്ടുണ്ട്. കര്‍ക്കടക വാവിന് പതിവായി ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന കടവിലും വലിയതോതില്‍ തീരശോഷണം സംഭവിച്ച് അപകടാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിര്‍ത്തി ശംഖുമുഖത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.