തിരുവനന്തപുരം: ജോസ് കെ മാണി മുന്നണി വിട്ടതുകൊണ്ട് യു.ഡി.എഫിന് ഒരു കോട്ടവുമുണ്ടാകില്ലെന്നാണ് വിലയിരുത്തലെന്ന് കണ്‍വീനര്‍ എം.എം ഹസന്‍. വാര്‍ഡ് തലത്തില്‍ പരിശോധന നടത്തി തന്നെയാണ് യു.ഡി.എഫ് ഇക്കാര്യം പറയുന്നത്. ജോസ് പോയതിനെ യു.ഡി.എഫ് വലിയ കാര്യമായി കണക്കാക്കുന്നില്ല. കാട്ടിയത് വലിയ രാഷ്ട്രീയ വഞ്ചനയാണ്. യു.ഡി.എഫിന്റെ ഭാഗമായി കിട്ടിയ എല്ലാ സ്ഥാനമാനങ്ങളും രാജിവയ്ക്കണമെന്ന് യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം ഹസന്‍ ആവശ്യപ്പെട്ടു.
ജോസിന്റെ മുന്നണി മാറ്റം മദ്ധ്യ തിരുവിതാംകൂറില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് യോഗത്തില്‍ പി.ജെ.ജോസഫ് ചൂണ്ടിക്കാട്ടി. അണികള്‍ ജോസിനൊപ്പം പോകില്ല. പ്രശ്‌നം പരിഹരിക്കാന്‍ അവസാനം വരെ ശ്രമിച്ചെന്ന് യോഗത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ സി.പി.എമ്മുമായി ഉണ്ടാക്കിയ മുന്‍ ധാരണ പ്രകാരം ജോസ് മുന്നണി മാറുകയായിരുന്നെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ ഓണ്‍ലൈനായി സംബന്ധിച്ചു.