തിരുവനന്തപുരം: അവകാശമില്ലാത്ത കാര്യം ചെയ്യുന്നവർക്കുള്ള സൂചനയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്റെ രാജിയെന്ന് തിരുവനന്തപുരം നഗരസഭ മേയർ കെ. ശ്രീകുമാർ. മാലിന്യ പ്രശ്‌നത്തിൽ നഗരസഭക്ക് പിഴ നിശ്ചയിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന് അധികാരമില്ല.
തെറ്റായ വഴിയിലൂടെ ഒരു ഉദ്യോഗസ്ഥൻ സഞ്ചരിച്ചാൽ ഉണ്ടാകുന്ന വിപത്താണ് ഇതെന്ന സൂചനയാണ് ചെയർമാന്റെ രാജിയിലൂടെ വ്യക്തമാകുന്നതെന്നും മേയർ പറഞ്ഞു. മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് പിഴ ചുമത്തിയതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് താൻ രാജി വയ്ക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായിരുന്ന ഡോ. അജിത് ഹരിദാസ് വ്യക്തമാക്കിയിരുന്നു. പിഴ പിൻവലിക്കണമെന്ന ബോർഡ് അംഗങ്ങളുടെയും സി.പി.എം നേതാക്കളുടെയും ആവശ്യത്തിന് വഴങ്ങാതിരുന്നതാണ് പക പോക്കലിന് കാരണമെന്നും അജിത് ഹരിദാസ് ആരോപിച്ചിരുന്നു.