തിരുവനന്തപുരം: രണ്ടുവട്ടം മത്സരിച്ച് വിജയിച്ചവരെ മാറ്റി നിർത്തുന്നത് സിപിഎമ്മിന്‍റെ പതിവ് രീതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. സ്ഥാനാർഥിത്വം ആരുടേയും കുത്തകയല്ലെന്നും ഒരേ ആളുകളെ തന്നെ സ്ഥിരമായി മത്സരിപ്പിക്കാൻ കഴിയില്ലെന്നും എ.വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു. സർക്കാറിൽ പ്രവർത്തിക്കാൻ അനുഭവസമ്പത്തുള്ളവർക്ക് മാത്രമേ ഇളവ് നൽകാൻ കഴിയുകയുള്ളൂവെന്നും വിജയരാഘവൻ പറഞ്ഞു.
മുസ്ലീം ലീഗിനെ വിമർശിച്ചതിനെ പാർട്ടി തിരുത്തി എന്നത് തെറ്റായ വാർത്തയാണെന്നും വിജയരാഘവൻ വിശദീകരിച്ചു.ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തുന്ന സംഭവത്തില്‍ പത്ത് വർഷമോ അതിലധികമോ പൂർത്തിയാക്കിയ ദിവസ വേതനക്കാരെയാണ് സ്ഥിരപ്പെടുത്തിയതെന്ന് എ വിജയരാഘവന്‍ പറഞ്ഞു. ഇതിനെ പിൻവാതിൽ നിയമനം എന്ന് പറയാൻ കഴിയില്ല. തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയതിനെ വിമർശിക്കുന്നത് മനസാക്ഷി ഇല്ലാത്തവരാണെന്നും വിജയരാഘവൻ പറഞ്ഞു.