തിരുവനന്തപുരം : മിത്ത് വിവാദത്തിനിടെ തലശ്ശേരി കോടിയേരിയിലെ കാരാൽ തെരുവ് ഗണപതി ക്ഷേത്രത്തിന്‍റെ കുളം നവീകരിക്കാന്‍ ഭരണാനുമതി. സ്‌പീക്കർ എ എൻ ഷംസീറാണ് ഇക്കാര്യം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കുളം നവീകരിക്കാൻ 64 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.
പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ക്ഷേത്രക്കുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുമെന്നും ഷംസീർ വ്യക്തമാക്കി. അടുത്തിടെ ഗണപതി മിത്താണെന്ന ഷംസീറിന്‍റെ പരാമർശം വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. പരാമർശത്തിൽ എൻ എസ് എസ് ഷംസീറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർത്തിയത്.
Also Read : Ganapathy Row| 'മിത്ത് വിവാദത്തില്‍ മലക്കംമറിഞ്ഞ എംവി ഗോവിന്ദന്‍ സ്‌പീക്കറിനെ കൂടി തിരുത്തണം'; കെ സുധാകരന്‍
ഷംസീറിനെതിരെ എൻ എസ് എസും ബിജെപിയും : പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ പ്രതിഷേധ സൂചകമായി എൻ എസ് എസ് നാമജപ ഘോഷയാത്ര നടത്തിയിരുന്നു. വിഷയത്തിൽ എൻ എസ് എസിനൊപ്പം ബിജെപിയും ചേർന്ന് ഷംസീറിനെ കടന്നാക്രമിച്ചു. വിവാദ പരാമർശത്തിൽ ഷംസീർ മാപ്പ് പറയണമെന്നും വിഷയത്തിൽ അടിയന്തരമായി സർക്കാർ നടപടി ഉണ്ടായില്ലെങ്കിൽ നിയമവഴി തേടുമെന്നുമായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
എന്നാൽ വിവാദം കത്തിനിൽക്കെ ഷംസീറിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുള്ളതൊക്കെ കള്ളപ്രചാരണങ്ങളാണെന്നും ഗോവിന്ദൻ പറഞ്ഞു. മിത്ത് മിത്തായും ചരിത്രം ചരിത്രമായും ശാസ്‌ത്രം ശാസ്‌ത്രമായും കാണുന്നതാണ് ശരിയായ കാഴ്‌ചപ്പാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം ഷംസീറിന്‍റെ പ്രസ്‌താവന വർഗീയവാദികൾക്ക് ആയുധം കൊടുത്തത് പോലെയായി എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം.
Read More : MV govindan| 'ഷംസീർ പറഞ്ഞതിൽ തെറ്റില്ല', മാപ്പു പറയേണ്ട ആവശ്യമില്ലെന്ന് എം വി ഗോവിന്ദൻ
മിത്ത് വിഷയം നിയമസഭയിൽ ഉന്നയിക്കില്ലെന്ന് കോൺഗ്രസ് : സ്‌പീക്കർ നടത്തിയത് തെറ്റായ പ്രസംഗം ആണെന്നും എന്നാൽ അടിയന്തര പ്രമേയമായോ മറ്റ് രീതിയിലോ ഇത് നിയമസഭയിൽ അവതരിപ്പിക്കില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കിയത്. വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്‍റെ അഭിപ്രായം തിരുത്തിയത് പോലെ വിശ്വാസികളെ വ്രണപ്പെട്ടുത്തുന്ന രീതിയിൽ ഷംസീർ നടത്തിയ പരാമർശം തിരുത്താൻ അദ്ദേഹവും തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
സ്‌പീക്കർ എ എൻ ഷംസീറിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂർണരൂപം : തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള കുളത്തിന്‍റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഭരണാനുമതിയായി.
പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രക്കുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും.