തിരുവനന്തപുരം: അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ട്രോമാകെയർ സംവിധാനവും എമർജൻസി മെഡിസിൻ വിഭാഗവും ഉൾപ്പെടുത്തി നവീകരിച്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങി. 33 കോടി ചെലവിട്ടാണ് നവീകരണം നടത്തിയത്. കാർഡിയോളജി വിഭാഗം, ഓപ്പറേഷൻ തിയേറ്റർ, ഐസിയു, എക്‌സറേ-സ്‌കാൻ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം അത്യാഹിത വിഭാഗത്തിൽ ക്രമീകരിച്ചിട്ടുണ്ട്. വിവിധ ചികിത്സാ വിഭാഗങ്ങൾ ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുക. രോഗി അത്യാഹിത വിഭാഗത്തിലെത്തുന്ന നിമിഷം മുതൽ അത്യാഹിതത്തിന്‍റെ തീവ്രതയനുസരിച്ച് അതിവേഗം ചികിത്സ ലഭ്യമാക്കാൻ ഇനി സാധിക്കുമെന്ന് അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മൂന്നു സോണുകളായി തിരിച്ചാണ് ചികിത്സ നൽകുക. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ റെഡ് സോണിലും ഗുരുതരാവസ്ഥയിലുള്ള രോഗികളെ യെല്ലോ സോണിലും ഗുരുതരാവസ്ഥ കുറഞ്ഞ രോഗികളെ ഗ്രീൻ സോണിലും ഉൾപ്പെടുത്തും. റെഡ് സോണിലും ഗ്രീൻ സോണിലും 12 രോഗികളെയും യെല്ലോ സോണിൽ 62 രോഗികളെയും ഒരേ സമയം കിടത്തി ചികിത്സിക്കാം. എയിംസിന്‍റെ സഹായത്തോടെ ലെവൽ 2 സംവിധാനമുള്ള ട്രോമ കെയർ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഓക്സിജൻ സംവിധാനത്തോടു ചേർന്ന 120 കിടക്കകളും സജ്ജമാണ്.