തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്‌സില്‍ നിന്ന് ഓയിൽ ചോര്‍ന്ന തീരപ്രദേശത്തെ മണൽ മാറ്റുന്നു. കടലില്‍ ഒഴുകിയെത്തിയ ശേഷം തീരത്തടിഞ്ഞ ഫര്‍ണ്ണസ് ഓയില്‍ കലര്‍ന്ന മണലാണ് തീരത്ത് നിന്നും മാറ്റുന്നത്. ടൈറ്റാനിയം കമ്പനി ജീവനക്കാരും സമീപവാസികളുമാണ് ഓയില്‍ കലര്‍ന്ന മണൽ മാറ്റുന്ന നടപടികള്‍ ആരംഭിച്ചത്. ഇതിന്‍റെ ചെലവ് ടൈറ്റാനിയം കമ്പനി വഹിക്കും.
തീരത്തടിഞ്ഞ ഓയില്‍ കുഴികളെടുത്ത് അതില്‍ നിക്ഷേപിക്കുന്ന ജോലികളാണ് നിലവിൽ നടക്കുന്നത്. എന്നാല്‍ ഇത് ശാസ്‌ത്രീയമായ രീതിയല്ലെന്നും പരാതിയുണ്ട്. കടല്‍ ക്ഷോഭമുണ്ടാകുമ്പോള്‍ തീരം കടലെടുക്കുന്ന സാഹചര്യമുണ്ടായാല്‍ ഈ ഓയിൽ വീണ്ടും കടലിലെത്തുമെന്നാണ് തീരവാസികള്‍ പറയുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്‌സില്‍ ഗ്ലാസ് നിര്‍മാണ യൂണിറ്റിലെ ഫര്‍ണസ് ഓയിലിന്‍റെ പൈപ്പ് പൊട്ടി ഓയില്‍ ചോര്‍ച്ചയുണ്ടായത്. ചോര്‍ന്ന ഓയില്‍ കടലില്‍ നാല് കിലോമീറ്ററോളം പരന്നിട്ടുണ്ട്. കിലോമീറ്ററോളം ദൂരത്ത് കടലിന്‍റെ നിറവും മാറിയിട്ടുമുണ്ട്. കലക്‌ടര്‍ ഡോ. നവജ്യോത് ഖോസ സംഭവ സ്ഥലം സന്ദര്‍ശിച്ചു. മത്സ്യ തൊഴിലാളികള്‍ക്കുണ്ടായ നഷ്‌ടമടക്കമുള്ള കാര്യങ്ങളില്‍ മലിനീകരണ ബോര്‍ഡിന്‍റെ അടക്കം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കുമെന്ന് കലക്‌ടര്‍ പറഞ്ഞു. ഓയില്‍ പടരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസങ്ങളോളം കടലില്‍ പോകാന്‍ സാധിക്കില്ല. അവര്‍ക്കുള്ള നഷ്‌ടപരിഹാരത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും കലക്‌ടര്‍ വ്യക്തമാക്കി.