തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നും മാറ്റാനുള്ള ബില്‍ സർക്കാർ രാജ്‌ഭവന് കൈമാറി. മന്ത്രിസഭ ബില്‍ പാസാക്കി 10 ദിവസത്തിനുശേഷമാണ് ബില്‍ ഗവർണറുടെ അടുത്തേക്കെത്തുന്നത്. ഡിസംബർ 13 നാണ് നീണ്ട ചർച്ചകൾക്ക് ശേഷം നിയമസഭ കേരളത്തിന്‍റെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റാനുള്ള ബില്‍ പാസാക്കിയത്.
എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലവിൽ സ്ഥലത്തില്ല. ജനുവരി മൂന്നിന് മാത്രമേ അദ്ദേഹം തിരിച്ച് രാജ്‌ഭവനിലേക്കെത്തുകയുള്ളൂ. അതേസമയം ഗവർണറും സർക്കാരും തമ്മിൽ സർവകലാശാലകളിലെ അമിത അധികാരങ്ങളെ പറ്റി വിവിധ തർക്കങ്ങളും ചർച്ചകളും നടന്നിരുന്നു. ഇതിനുശേഷമാണ് ഗവർണറെ കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും മാറ്റാൻ സർക്കാർ തീരുമാനിച്ചത്.
എന്നാൽ ബില്ലിൽ ഗവർണർ ഒപ്പിടുമോ എന്നത് പ്രധാനമാണ്. ബിൽ രാഷ്ട്രപതിക്കയക്കാനും രാജ്‌ഭവനിൽ പിടിച്ചുവയ്‌ക്കാനും സാധ്യതയുണ്ട്. നിയമോപദേശങ്ങൾ കേട്ടതിനുശേഷം മാത്രമേ രാജ്‌ഭവൻ ബില്ലിന്മേല്‍ തീരുമാനമെടുക്കുകയുള്ളൂ.