തിരുവനന്തപുരം : നിയമന കോഴക്കേസിൽ (Recruitment Bribery Case) ചോദ്യം ചെയ്യലിനായി ബാസിതിനെ തിരുവനന്തപുരത്ത് എത്തിച്ചു. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് മലപ്പുറത്തുണ്ടായിരുന്ന അന്വേഷണ സംഘമാണ് ബാസിതിനെയും റഹീസിനെയും തിരുവനന്തപുരത്ത് എത്തിച്ചത്. റഹീസിനും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.
രാവിലെ ഒൻപത് മണിക്കാണ് ഇരുവരെയും കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍ ഇരുവരെയും കേസിൽ പ്രതി ചേര്‍ത്തിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക.
സംഭവത്തില്‍ ഇന്നലെ അഖില്‍ സജീവിനെയും ലെനിനെയും കന്‍റോൺമെന്‍റ് പൊലീസ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിയമനത്തിനായി കൈക്കൂലി നൽകിയ ഹരിദാസന്‍റെ മരുമകൾ ജോലിക്കായി അപേക്ഷിച്ചത് ലെനിന്‍ രാജിനെ അറിയിച്ചത് താനാണെന്ന് ബാസിത് പൊലീസിന് മൊഴി നൽകിയിരുന്നു. എ ഐ എസ് എഫ് മലപ്പുറം മുന്‍ ജില്ല സെക്രട്ടറിയാണ് ബാസിത്.
സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി : ഇയാള്‍ അഖില്‍ സജീവിനോട് ഹരിദാസന്‍റെ മരുമകള്‍ക്ക് നിയമനം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. പണം കൈമാറിയെന്ന് പറയുന്ന ദിവസം ഹരിദാസനൊപ്പം താന്‍ തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു ആദ്യം ബാസിത് സ്വീകരിച്ചത്. എന്നാല്‍ ഹരിദാസനോടൊപ്പം സെക്രട്ടേറിയറ്റ് അനക്‌സ് 2 ന് പുറത്ത് ഇതേ ദിവസം ബാസിതുമുള്ള സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വരികയായിരുന്നു. ഇതോടെയാണ് തട്ടിപ്പില്‍ ഇയാള്‍ക്കും പങ്കുള്ളതായി പൊലീസിന്‍റെ സംശയം ബലപ്പെട്ടത്.
അതേസമയം, അഖില്‍ സജീവും ലെനിനും പണം വാങ്ങിയതായി പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്നും വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതി ചേര്‍ത്തിരിക്കുന്നതെന്നും കന്‍റോൺമെന്‍റ് പൊലീസ് വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്‍റെ പരാതിയിലാണ് നടപടി.
ഹരിദാസനില്‍ നിന്ന് അഖില്‍ സജീവ് 25,000 രൂപയും ലെനിന്‍ 50,000 രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. അഖില്‍ സജീവും ലെനിനും നിലവില്‍ ഒളിവിലാണ്. ഇരുവരും തമിഴ്‌നാട്ടിലേക്ക് കടന്നു എന്നാണ് സൂചന. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
കേസിനാസ്‌പദമായ സംഭവം : ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടറായി മരുമകള്‍ക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുന്‍ സിഐടിയു ജില്ല ഓഫിസ് സെക്രട്ടറിയായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും ചേര്‍ന്ന് പല തവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് മലപ്പുറം സ്വദേശി ഹരിദാസന്‍ കുമ്മാളി ഉന്നയിച്ച ആരോപണം.
മകന്‍റെ ഭാര്യയ്‌ക്ക് മെഡിക്കല്‍ ഓഫിസര്‍ നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌താണ് പണം വാങ്ങിയതെന്നും ഇയാള്‍ ആരോപിച്ചിരുന്നു. അഖില്‍ മാത്യു തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസ് പരിസരത്ത് നിന്ന് നേരിട്ട് ഒരുലക്ഷം രൂപയും പത്തനംതിട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ അഖില്‍ സജീവ് 25,000 രൂപ ഗൂഗിള്‍ പേ വഴിയും 50,000 രൂപ നേരിട്ടും വാങ്ങിയെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ അഖില്‍ മാത്യുവിന്‍റെ പേരില്‍ ആള്‍മാറാട്ടമാണ് നടന്നതെന്ന കണ്ടെത്തലിലാണ് പൊലീസ്.