തിരുവനന്തപുരം: ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം മദ്യ ഷോപ്പുകള്‍ തുറന്നപ്പോള്‍ റെക്കോഡ് വില്‍പന. ഇന്നലെ 52 കോടി രൂപയുടെ മദ്യവില്‍പനയാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ നടന്നത്. ഇത് പ്രതിദിന മദ്യ വില്‍പനയിലെ റെക്കോഡാണ്.
റെക്കോഡ് മദ്യവിൽപന
ടിപിആര്‍ 20ന് മുകളിലുള്ള പ്രദേശങ്ങളിലെ 40 ഔട്ട്‌ലെറ്റുകള്‍ ഇന്നലെ അടഞ്ഞിരുന്നിട്ടും വില്‍പന 52 കോടിയിലേക്കുയര്‍ന്നു. സാധാരണ ഉത്സവ ദിവസങ്ങളില്‍ 46 മുതല്‍ 48 കോടി രൂപയുടെ മദ്യ വില്‍പനയാണ് നടന്നത്.
പാലക്കാട് ജില്ലയിലെ തേന്‍കുറിശി, മേനോന്‍പാറ എന്നീ ഔട്ട്‌ലെറ്റുകളിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വില്‍പന നടന്നത്. രണ്ട് ഔട്ട്‌ലെറ്റുകളിലും 69 ലക്ഷം രൂപയുടെ വില്‍പന നടന്നു. 66 ലക്ഷം രൂപയുടെ വില്‍പനയുണ്ടായ തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ് രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന വില്‍പന.
65 ലക്ഷം രൂപയുടെ വില്‍പന നടന്ന ഇരിങ്ങാലക്കുടയാണ് മൂന്നാം സ്ഥാനത്ത്. 50 ദിവസത്തോളം അടഞ്ഞു കിടന്ന ശേഷം വ്യാഴാഴ്‌ച മദ്യശാല തുറന്നപ്പോള്‍ പ്രതീക്ഷിച്ച ആശയക്കുഴപ്പം ഒഴിവാക്കാനായതിലും ബിവറേജസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തന മികവ് ശ്രദ്ധേയമായി.
ബെവ്‌കോ വഴി മദ്യവിൽപന
മുന്‍പത്തേതുപോലെ ആപ്പ് വഴി മദ്യവില്‍പന നടത്താനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. ആപ്പ് വഴി മദ്യം എന്ന് എക്‌സൈസ് മന്ത്രി തുടക്കത്തില്‍ നിലപാട് സ്വീകരിച്ചെങ്കിലും അത് ആശക്കുഴപ്പത്തിനിടയാക്കുമെന്നും സര്‍ക്കാരിനെതിരെ വിമര്‍ശനം വിളിച്ചു വരുത്തുമെന്നും ബെവ്‌കോ എം.ഡി യോഗേഷ്ഗുപ്ത മന്ത്രിയെ അറിയിച്ചിരുന്നു.
പൊലീസിനെ ഉപയോഗിച്ച് തിരക്കു നിയന്ത്രിക്കാനാകുമെന്ന് എ.ഡി.ജി.പി കൂടിയായ ഗുപ്ത നല്‍കിയ വിശദീകരണം മന്ത്രി എം.വി.ഗോവിന്ദന്‍ അംഗീകരിക്കുകയായിരുന്നു. യാതൊരു ക്രമസമാധാന പ്രശ്‌നമോ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമോ ഇല്ലാതെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനും കഴിഞ്ഞു.
പ്രതിമാസം 1000 കോടി രൂപയാണ് മദ്യത്തില്‍ നിന്ന് മാത്രം സംസ്ഥാന സര്‍ക്കാരിനു നികുതിയായി ലഭിക്കുന്നത്. ഏകദേശം രണ്ടു മാസത്തോളം ബിവറേജസ് കോര്‍പ്പറേഷന്‍ അടഞ്ഞു കിടന്നതോടെ 2000 കോടിയോളം രൂപയാണ് സംസ്ഥാന ഖജനാവിന് നഷ്ടപ്പെട്ടത്.
READ MORE: സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിച്ചു ; ബെവ്റേജസ് കേന്ദ്രങ്ങളില്‍ നീണ്ട ക്യൂ