തിരുവനന്തപുരം: കൊവിഡ്-19 ഫലപ്രദമായി നേരിടുന്നതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ ശുപാര്‍ശ. കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാണ് ഗവർണറോട് ശുപാർശ ചെയ്‌തിരിക്കുന്നത്.
ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരിന് കര്‍ശന നടപടികള്‍ സ്വീകരിക്കാം. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാം. പൊതു-സ്വകാര്യ ഗതാഗത മാര്‍ഗങ്ങള്‍ നിരോധിക്കാം. പൊതു സ്ഥലങ്ങളിലും റോഡുകളിലും ആരാധനാലയങ്ങളിലും ഓര്‍ഡിനന്‍സ് പ്രകാരം ആള്‍ക്കൂട്ടം നിരോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജനങ്ങള്‍ വീടുകളില്‍ കഴിയുക എന്നതാണ് പ്രധാനം. രോഗത്തെ നേരിടാന്‍ നാടാകെ നിശ്ചലമാകണം. ഇത് ശീലമില്ലാത്തതുകൊണ്ട് ചിലര്‍ക്ക് പ്രയാസമുണ്ടാകാം. ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡോ വ്യക്തമായ രേഖകളോ ഇല്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. യാത്ര ശരിയായ കാര്യത്തിനാണെന്ന് പൊലീസിന് ബോധ്യം വരണം. സൗഹൃദ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. ന്യായമായ കാര്യങ്ങള്‍ക്കേ ജനങ്ങൾ പുറത്തിറങ്ങാവൂ. കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇത് ഉറപ്പാക്കേണ്ടത് ജില്ലാ പൊലീസ് മേധാവികളുടെ വ്യക്തിപരമായ ചുമതലയാണ്. പൊലീസ് നടപടിയില്‍ ജനങ്ങള്‍ക്ക് വലിയ പ്രയാസം ഉണ്ടാകുമെങ്കിലും ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ഫ്യൂവിന്‍റെ ഭാഗമായി ഒറ്റപ്പെട്ട് വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം പാചകം ചെയ്‌തെത്തിക്കും. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കും. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് വിളിച്ചറിയിക്കാന്‍ ഫോണ്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് പുറത്തു കഴിയുന്നവര്‍ അതാത് സ്ഥലങ്ങളില്‍ തന്നെ തുടരണം. സംസ്ഥാന അതിര്‍ത്തികള്‍ കടന്നെത്തുന്നവരെ അവിടെ തന്നെ ക്വാറന്‍റൈന്‍ ചെയ്യും. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ അതേ അളവില്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് 15 കിലോ ഭക്ഷ്യ ധാന്യവും പലവ്യഞ്‌ജന കിറ്റുകളും വിതരണം ചെയ്യും. കൊവിഡിന്‍റെ കാര്യത്തില്‍ നാം ഇപ്പോള്‍ അപകട മേഖലയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹ വ്യാപനത്തിലേക്കായിട്ടില്ല. എന്നാല്‍ സാമൂഹ്യവ്യാപനം എന്ന വാള്‍ തലയ്ക്ക് മീതെ തൂങ്ങി നില്‍ക്കുന്നുണ്ട്. അത് കേരളത്തിന്‍റെ നെഞ്ചിലോ തലയിലോ വീഴാതിരിക്കാന്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.