തിരുവനന്തപുരം: പുതുതായി 520 ഡീസൽ ബസുകളും 500 ഇലക്ട്രിക് ബസുകളും വാങ്ങാനൊരുങ്ങി കെഎസ്ആർടിസി. ഇതിനായി കരാർ വിളിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 814 കോടി രൂപയുടെ കിഫ്‌ബി വായ്‌പ ലഭ്യമായ സാഹചര്യത്തിലാണ് പുതുതായി ബസുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചത്.
2017ൽ ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് തീരുമാനിച്ച കിഫ്ബി സഹായത്തോടെയുള്ള ഈ പദ്ധതി, തിരിച്ചടവിൽ വ്യക്തതയില്ലാത്തതിനെ തുടർന്ന് അനന്തമായി നീളുകയായിരുന്നു. ബസ് വാങ്ങൽ പദ്ധതിയുടെ വായ്‌പ തിരിച്ചടവ് സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു ഗതാഗതവകുപ്പ്, ധനവകുപ്പിന് മുന്നിൽവച്ച നിർദേശം. ഇത് ധനവകുപ്പ് എതിർക്കുകയായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തിരിച്ചടവ് സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കിഫ്‌ബി വഴി വായ്‌പ: പുതിയ ബസുകൾ വാങ്ങാൻ 814 കോടി രൂപ കിഫ്‌ബി വഴി വായ്‌പ ലഭ്യമാകും. കെഎസ്ആർടിസി സ്വിഫ്റ്റിനാണ് വായ്‌പ അനുവദിക്കുന്നത്. അതേസമയം, ബസ് വാങ്ങുന്നതിന് കെഎസ്ആർടിസിക്ക് ബജറ്റിൽ വകയിരുത്തുന്ന 75 കോടി തിരിച്ചുപിടിക്കുമെന്നും ധനവകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ തീരുമാനം ഗതാഗത വകുപ്പും അംഗീകരിച്ചിട്ടുണ്ട്.
പുതുതായി വാങ്ങുന്ന 520 ഡീസൽ ബസുകൾ സൂപ്പർഫാസ്റ്റുകളായി നിരത്തിലിറക്കാനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. കിഫ്‌ബി വായ്‌പ ലഭ്യമായി രണ്ട് വർഷത്തിന് ശേഷമാണ് തിരിച്ചടവ് ആരംഭിക്കേണ്ടത്. മാസം ഏഴ് കോടി രൂപയാണ് തിരിച്ചടവ്. ഇതിന് പുറമെ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത 3,000 കോടി രൂപയുടെ തിരിച്ചടവ് മാസം 31 കോടി രൂപയാണ്. ഇത് രണ്ടും കൂടിയാകുമ്പോൾ കെഎസ്ആർടിസിയുടെ പ്രതിമാസ തിരിച്ചടവ് 38 കോടിയാകും.
2,000 നോട്ട് സ്വീകരിക്കുമെന്ന് കെഎസ്‌ആര്‍ടിസി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2,000 രൂപ നോട്ടുകൾ നിരോധിച്ച സാഹചര്യത്തിൽ ഇന്ന് മുതൽ കെഎസ്‌ആർടിസി ബസുകളിൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്‌തവ വിരുദ്ധമാണെന്ന് മാനേജ്‌മെന്‍റ് കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ALSO READ | 'കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കും', ആശയവിനിമയത്തിന് ആനവണ്ടി.കോം ന്യൂസ് ലെറ്റര്‍
നിലവിൽ സാധാരണപോലെ തന്നെ റിസർവ് ബാങ്ക് നിർദേശം നൽകിയ തിയതി വരെ കെഎസ്‌ആർടിസി ബസുകളിൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ യൂണിറ്റുകൾക്കും കണ്ടക്‌ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. മാനേജ്‌മെന്‍റ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2,000 രൂപ നോട്ടുകൾ സ്വീകരിക്കരുതെന്ന് നിർദേശം നൽകിയിട്ടില്ല. നോട്ടുകൾ സ്വീകരിക്കുന്നില്ലെന്ന പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്.
നോട്ട് നിരോധിച്ചതിന് പിന്നാലെ നിരോധിച്ച നോട്ടുകൾ കെഎസ്‌ആർടിസി സ്വീകരിക്കില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരം നിർദേശങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതെന്നും മാനേജ്‌മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ALSO READ | ചില്ലറയില്ലെന്ന് കണ്ടക്‌ടറോട് തര്‍ക്കിക്കേണ്ട ; കെഎസ്‌ആര്‍ടിസി ബസില്‍ ടിക്കറ്റെടുക്കാം ഡിജിറ്റലായി