തിരുവനന്തപുരം: പീഡന കേസിൽ പി.സി ജോർജിന് കോടതി നൽകിയ ജാമ്യ ഉപാധിയിൽ ഇളവ്. ജാമ്യം ലഭിച്ച് മൂന്ന് മാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം എന്ന ഉപാധിയാണ് കോടതി റദ്ദാക്കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അഭിനിമോൾ രാജേന്ദ്രന്റേതാണ് ഉത്തരവ്.
2022 ഫെബ്രുവരി 10 നാണ് കേസിനാസ്‌പദമായ സംഭവം. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ കാര്യം സംസാരിക്കാൻ എന്ന് പറഞ്ഞാണ് പി.സി ജോർജ് പരാതിക്കാരിയെ വിളിച്ചു വരുത്തിയത്. ഒപ്പം ഉണ്ടായിരുന്ന മകനെ പുറത്ത് ഇരുത്തി പരാതിക്കാരിയെ മാത്രം മുറിക്കകത്തേക്ക് വിളിപ്പിക്കുകയായിരുന്നു.
മുറിയിൽ ഉണ്ടായിരുന്ന പ്രതിയുടെ സുഹൃത്തിനെ പുറത്ത് പറഞ്ഞു വിട്ട ശേഷമാണ് പരാതിക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് എന്നാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ്.