തിരുവനന്തപുരം: സ്ത്രീ പീഡനമടക്കമുള്ള കേസുകളില്‍ പ്രതിയായ സിഐ പി ആര്‍ സുനു ഇന്ന് ഡിജിപിക്ക് മുന്നില്‍ ഹാജരാകില്ല. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കാന്‍ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് സുനുവിന് ഡിജിപി അനില്‍കാന്ത് നോട്ടിസ് നല്‍കിയിരിുന്നു. ചികിത്സയിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് സുനു നോട്ടിസിന് മറുപടിയായി ഡിജിപിയെ അറിയിച്ചു.
ചികിത്സ പൂര്‍ത്തിയാകുന്നതുവരെ സാവകാശം വേണമെന്നും സുനു ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സില്‍ ഡിജിപിയുടെ ചേംബറില്‍ ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരുന്നത്. നിരവധി കേസുകളില്‍ പ്രതിയായ സുനുവിനെ പൊലീസില്‍ നിന്ന് പിരിച്ചുവിടുന്നതിന്‍റെ നടപടി ക്രമങ്ങളുടെ ഭാഗമായാണ് നോട്ടിസ് നല്‍കിയിരുന്നത്.
സുനുവിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിയുടെ പരിഗണനയിലാണ്. ഇതില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് ചട്ടം. ഇതുകൂടി പരിശോധിച്ച ശേഷമേ ഉദ്യഗസ്ഥന സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ സാധിക്കുകയുള്ളൂ.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം. ഇന്ന് സുനു ഹാജരാകാത്തതുകൂടി പരിഗണിച്ച് ആഭ്യന്തര വകുപ്പ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പിരിച്ചുവിടലിനെതിരെ സുനു അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍, സുനുവിന്‍റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളി. ഇതോടെയാണ് പിരിച്ചു വിടാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
4 പീഡനക്കേസ് ഉള്‍പ്പെടെ 6 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുനു. ഇതുകൂടാതെ 9 തവണ വകുപ്പുതല അന്വേഷണവും 6 മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലാണ് അവസാനമായി സുനു പ്രതിയായത്. ഈ കേസില്‍ തൃക്കാക്കര പൊലീസ് സുനു ജോലി ചെയ്‌തിരുന്ന ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലെത്തി കസ്റ്റഡിയില്‍ എടുത്തെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വീണ്ടും സുനു സ്റ്റേഷനില്‍ ജോലിക്ക് ഹാജരായി. ഇതില്‍ വിമര്‍ശനമുയര്‍ന്നതോടെ അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.