തിരുവനന്തപുരം : 'എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസ്സോടെ ആഗ്രഹിച്ചാല്‍ അത് സഫലമാക്കാന്‍ ലോകം മുഴുവന്‍ സഹായത്തിനെത്തും' - പൗലോ കൊയ്‌ലോയുടെ ഈ വാക്കുകൾ ചിലരുടെയെങ്കിലും ജീവിതത്തിൽ അർഥവത്തായേക്കാം. അങ്ങനെ ആത്മാർഥമായി ആഗ്രഹിച്ച് കഠിനമായി ശ്രമിച്ചാൽ എന്തും നേടാമെന്നതിന് ഉദാഹരണമാണ് തിരുവനന്തപുരം കൊടുങ്ങാനൂർ സ്വദേശി രമേഷ് കുമാർ.
ആഗ്രഹിച്ചത് താളിയോല രചന. അതിനുവേണ്ടി കഠിനമായി പ്രയത്നിച്ചപ്പോൾ രമേഷിനെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും. താളിയോലകളിലെ എഴുത്ത് പഠിക്കാനായി നിരവധി പേരെ രമേഷ് സമീപിച്ചു. എന്നാൽ പഠിപ്പിക്കാൻ ആരും തയ്യാറായില്ല. തോൽക്കാന്‍ രമേഷും തയ്യാറായില്ല.
ദിവസങ്ങൾ ചിലവഴിച്ച് രമേഷ് സ്വന്തമായി താളിയോലകളിലെ എഴുത്ത് പഠിച്ചു. 15 മിനിറ്റ് സമയം കൊണ്ട് താളിയോലയില്‍ ദേശീയ ഗാനം എഴുതി റെക്കോഡ് സ്വന്തമാക്കാനാണ് രമേഷ് ശ്രമിച്ചത്. എന്നാൽ, 12 മിനിറ്റും 28 സെക്കന്‍ഡും കൊണ്ട് ഒരിഞ്ച് നീളവും ഒരിഞ്ച് വീതിയുമുള്ള താളിയോലയിൽ ദേശീയ ഗാനം എഴുതിയതാണ് രമേഷ് കുമാർ റെക്കോഡ് സ്വന്തമാക്കിയത്.
ലളിതാസഹസ്രനാമം, ജ്ഞാനപ്പാന തുടങ്ങി നിരവധി കൃതികൾ ഇതിനിടെ താളിയോലയിലാക്കി. ഹരിവരാസനം ചെറിയ രൂപത്തിൽ താളിയോലയിലാക്കി ഗാനഗന്ധർവൻ യേശുദാസിന് നേരിട്ട് നൽകിയത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമെന്ന് രമേഷ് പറയും.
അതിനിടെ രമേഷിനെ തേടിയെത്തിയത് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം. ഒരു വിവാഹത്തിന് ആശംസകൾ താളിയോലയിൽ എഴുതി നൽകാൻ മോഹൻലാൽ സമീപിച്ചു. എഴുതി നൽകിയ താളിയോല ഇഷ്ടപ്പെട്ട മോഹൻലാൽ അക്കാര്യം നേരിട്ട് വിളിച്ച് അറിയിക്കുകയും ചെയ്‌തു.
തിരുവനന്തപുരത്തെത്തുമ്പോൾ നേരിൽ കാണാം എന്ന ഉറപ്പും താരം നൽകിയിട്ടുണ്ട്. ആരാധനാപാത്രമായ താരത്തെ നേരിൽ കാണുമ്പോൾ ഒരു സമ്മാനം നൽകി ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് രമേഷ്.