തിരുവനന്തപുരം: തനിക്കെതിരായ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കണ്ടെന്നും ഇതുകൊണ്ടൊന്നും തന്നെ നിശബ്‌ദനാക്കാമെന്ന് കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബാർകോഴ ആരോപണത്തിൽ അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
വിജിലൻസും ലോകായുക്തയും തെളിവില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതാണ് ബിജു രമേശിന്‍റെ ആരോപണം. കോടതിയിൽ നിൽക്കുന്ന വിഷയത്തിലെ മുഖ്യമന്ത്രിയുടെ ഇടപെടൽ രാഷ്‌ട്രീയ പ്രേരിതമാണ്. താൻ കെപിസിസി പ്രസിഡന്‍റ് ആയിരുന്നപ്പോൾ ആരും കോഴ തന്നിട്ടുമില്ല, വാങ്ങിയിട്ടുമില്ല. പ്രതിപക്ഷ നേതാവും അഴിമതിക്കാരാനാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് അഴിമതിക്കാരനായ മുഖ്യമന്ത്രി. സർക്കാരിന്‍റെ അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.