എറണാകുളം : എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി റദ്ദാക്കി ഇതിനെ കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഏപ്രിൽ 20 മുതൽ ഒരോ തെളിവുകളും പുറത്തുവിടുന്ന വേളയിൽ ഒന്നാമത്തെ പ്രതി മുഖ്യമന്ത്രിയാണെണ് അസന്ദിഗ്‌ധമായി സൂചിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
താനും പ്രതിപക്ഷ നേതാവും മാധ്യമങ്ങളും പുറത്ത് കൊണ്ടുവന്ന തെളിവുകളിൽ ഒന്നുപോലും പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ആരോപണമുയർന്നാൽ നിജ സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ തയ്യാറാകണം. ശാസ്ത്രീയമായി അഴിമതി നടത്തുന്നതില്‍ പിണറായി സര്‍ക്കാരിനുള്ള മിടുക്കാണ് എഐ ക്യാമറ തട്ടിപ്പിലും തെളിഞ്ഞ് കാണുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നത് പോലെ എന്തിലും തട്ടിപ്പ് നടത്താനുള്ള വൈഭവമാണ് പിണറായി സര്‍ക്കാരിനെ വ്യത്യസ്‌തമാക്കുന്നതെന്നും ചെന്നിത്തല പരിഹസിച്ചു. 2018 മുതൽ ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടന്ന് വരുന്നത്. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് വിറ്റ് കാശാക്കാന്‍ നടത്തിയ സ്പ്രിംഗ്‌ളര്‍ അഴിമതി, ബെവ്കോ ആപ്പുമായി ബന്ധപ്പെട്ട അഴിമതി, കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് വിദേശ കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കാന്‍ നടത്തിയ ആഴക്കടല്‍ മത്സ്യബന്ധന തട്ടിപ്പ് എന്നിവ പോലുള്ള ആസൂത്രിതമായ മറ്റൊരു വെട്ടിപ്പാണ് എഐ ക്യാമറയുമായി ബന്ധപ്പെട്ട് നടന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഐ.ടിയുടെ ഈ കാലഘട്ടത്തിൽ മുഴുവന്‍ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്യുകയാണ്. സംസ്ഥാന സർക്കാറിന്‍റെ ഐ.ടി സെക്രട്ടറിയായി എം.ശിവശങ്കർ വന്നതോടെ അഴിമതിയുടെ അക്ഷയ ഖനിയായി ഐടി വകുപ്പ് മാറി. ഐ.ടി, വ്യവസായ വകുപ്പുകളിലെ 2018 മുതൽ നടന്ന എല്ലാ പ്രവർത്തനങ്ങളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടലാസ് കമ്പനികൾക്ക് അഴിമതി നടത്താനുള്ള അവസരമാണ് കഴിഞ്ഞ സർക്കാറിന്‍റെയും ഈ സർക്കാറിന്‍റെയും കാലത്ത് നടക്കുന്നത്. എഐ ക്യാമറകള്‍ വച്ചുള്ള സേഫ് കേരള പദ്ധതിക്ക് രൂപം നല്‍കുന്നതിന് വളരെ മുന്‍പ് തന്നെ ഈ തട്ടിപ്പിന്‍റെ ഗൂഢാലോചനകളും നീക്കങ്ങളും നടന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആദ്യം അഴിമതി നടത്താനുള്ള തന്ത്രം തയ്യാറാക്കി. അതിനുള്ള കമ്പനികളും രംഗത്തെത്തി. അത് കഴിഞ്ഞാണ് അഴിമതി നടത്താന്‍ പാകത്തിന് പദ്ധതി തയ്യാറാക്കുന്നത്. അടിമുടി കൃത്രിമവും ഒത്തുകളിയും നിറഞ്ഞിരിക്കുന്നത് അതിനാലാണെന്നും ചെന്നിത്തല പറഞ്ഞു.
എസ്.ആർ.ഐ.ടി, അക്ഷര എന്‍റെര്‍പ്രൈസസ്, അശോക ബില്‍ഡ്‌കോണ്‍ എന്നീ കമ്പനികളാണ് ഇതിന്‍റെ ടെണ്ടറില്‍ പങ്കെടുത്തത്. ഇത് കൂട്ടുകച്ചവടമായിരുന്നു എന്നതിന്‍റെ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഇ ടെണ്ടര്‍ നടപടി നടക്കുന്നതിന് മുന്‍പ് തന്നെ എസ്.ആർ.ഐ.ടി.യും അശോകയും തമ്മില്‍ ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നതിന്‍റെ തെളിവുകൾ ചെന്നിത്തല പുറത്ത് വിട്ടു.
കെ.ഫോണ്‍ പദ്ധതിയിലും അഴിമതി തന്നെയെന്ന് ചെന്നിത്തല : കെ.ഫോണ്‍ പദ്ധതിയില്‍ കരാര്‍ നേടിയ എസ്.ആർ.ഐ.ടി 313 കോടി രൂപയുടെ ഉപകരാര്‍ അശോകയ്ക്ക് 2019 ല്‍ തന്നെ നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ഇത്രയും വലിയ ജോലി ഏറ്റെടുക്കാനുള്ള സാങ്കേതിക പ്രാപ്‌തി ഉണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. അശോകയാകട്ടെ മുഖ്യമന്ത്രിയുടെ ബന്ധുവുമായി ബന്ധപ്പെട്ട കമ്പനിയായ പ്രസാഡിയോയ്ക്ക് ഇതിന്‍റെ ഉപകരാര്‍ നല്‍കി.
കെ.ഫോണിലെ ഏറ്റവും വലിയ തീവെട്ടി കൊള്ള എന്ന് പറയുന്നത് 7 വർഷത്തേക്ക് മെയിൻ്റനൻസ് മാത്രമായി 363 കോടി വകയിരുത്തിയിട്ടുണ്ട് എന്നതാണ്. ഏഴ് വർഷത്തെ മെയിൻ്റനൻസിന് 363 കോടി ആദ്യ ടെൻഡറിൽ വകയിരുത്തിയ ശേഷം പിന്നെ എന്തിനാണ് വീണ്ടും ടെൻഡർ വിളിച്ച് വരുമാനത്തിൻ്റെ പത്ത് ശതമാനം എസ്.ആർ.ഐ.ടി നൽകാൻ തീരുമാനിച്ചതെന്നും ചെന്നിത്തല ചോദിച്ചു. ഇത് കഴിഞ്ഞാണ് ഈ കമ്പനികള്‍ എ.ഐ ക്യാമറ ടെണ്ടറില്‍ പങ്കെടുക്കുകയും കൂട്ടുകച്ചവടം നടത്തുകയും ചെയ്‌തത്. ഇത് എല്ലാം നേരത്തെ നിശ്ചയിച്ച തിരക്കഥ അനുസരിച്ചായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ്.
എഐ ക്യാമറ സ്ഥാപിക്കല്‍ മുന്‍കൂട്ടി നിശ്ചയിച്ച തട്ടിപ്പ് : രാഷ്ട്രീയമായ പിന്‍ബലത്തോടെ നടന്ന അഴിമതിയാണ് ഇതെന്ന് വ്യക്തമാണ്. ഈ അഴിമതി സംബന്ധിച്ച മുഴുവന്‍ തെളിവുകളും ഇതിനകം പുറത്തുവന്നു. അവ കണ്ടാല്‍ ഏത് കൊച്ചു കുട്ടിക്കും എന്താണ് നടന്നിരിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നും പ്രതികരിക്കാത്തത് കുറ്റക്കാരനായത് കൊണ്ട് : ഇത്രയും തെളിവുകളോടെ ആരോപണം ഉന്നയിക്കപ്പെട്ടിട്ടും സര്‍ക്കാരും മുഖ്യമന്ത്രിയും മൗനം അവലംബിക്കുന്നത് അവര്‍ക്ക് ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ്. കള്ളം കയ്യോടെ പിടിക്കപ്പെടുമ്പോള്‍ ഉത്തരം മുട്ടിപ്പോവുന്നത് കൊണ്ടാണ് മുഖ്യമന്തി പ്രതികരിക്കാത്തത്. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് നേരെ ആരോപണം ഉയര്‍ന്നിട്ടും അദ്ദേഹം മൗനം തുടരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സാധാരണ ഗതിയില്‍ ഇതിനകം പൊട്ടിത്തെറിക്കേണ്ട ആളാണ് മുഖ്യമന്ത്രി. എന്നാല്‍ ഇത്തവണ മുഴുവന്‍ തെളിവുകളും പുറത്തുവന്നതിനാല്‍ പൊതു സമൂഹത്തെ നേരിടാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കണ്ണടച്ച് ഇരുട്ടാക്കാമെന്ന് വ്യാമോഹിക്കണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തട്ടിപ്പ് നടത്താന്‍ അനുവദിക്കില്ല : സംസ്ഥാനത്ത് ഇത്തരത്തിലൊരു തട്ടിപ്പ് നടത്താന്‍ യുഡിഎഫും ജനങ്ങളും അനുവദിക്കില്ല. ജനങ്ങളെ കൊള്ളയടിക്കാനുള്ള ഈ പദ്ധതി റദ്ദാക്കി ഇതിനെ കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. താൻ പ്രതിപക്ഷ നേതാവായ കാലം മുതൽ പൊതു താത്‌പര്യമുള്ള വിഷയങ്ങളിൽ ഹൈക്കോടതിയിൽ നിരവധി കേസുകൾ നൽകിയെങ്കിലും തനിക്ക് നീതി കിട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഡിവൈഎഫ്ഐ അനുകൂല പ്രസ്‌താവന : ഡിവൈഎഫ്ഐ അനുകൂല പ്രസ്‌താവനയെ തുടര്‍ന്ന് വിവാദം ഉയര്‍ന്ന സാഹചര്യത്തിൽ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിഷയത്തിൽ തനിക്ക് പറയാനുള്ളത് വിശദീകരിച്ച് കഴിഞ്ഞിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.