തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്ത് സംസ്ഥാന നിയമസഭയിലും ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഴ് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചു നീക്കി നിയമസഭാ മ്യൂസിയത്തില്‍ ഇ.എം.എസ് സ്മൃതി നിര്‍മ്മിക്കേണ്ടിയിരുന്നില്ലെന്നും നിയമസഭയില്‍ ഇ.എം.എസിന് പാര്‍ക്കുള്ളപ്പോള്‍ ഇതിൻ്റെ ആവശ്യമെന്തായിരുന്നെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഓഡിറ്റില്‍ വരില്ലെന്നു കരുതി ഇത്തരത്തിലുള്ള ധൂര്‍ത്തുകള്‍ സ്പീക്കര്‍ നടത്തരുതെന്നും നല്ല നിലയിലുള്ള നിയമസഭ ബാന്‍ക്വറ്റ് ഹാളിനെ ഇടിച്ചു നിരത്തി 16 കോടി ചിലവിൽ ലോക കേരള സഭയ്ക്കുള്ള വേദി നിര്‍മ്മിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എം.എല്‍.എ ഹോസ്റ്റലിലെ പഴയ മന്ദിരത്തിൻ്റെ മുകള്‍ ഭാഗം ഇടിച്ചു പുതിയത് നിര്‍മ്മിക്കുകയാണ്. ഇക്കാര്യങ്ങൾ സ്പീക്കര്‍ പ്രതിപക്ഷവുമായി ആലോചിക്കാന്‍ തയ്യാറായിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷം കത്തു നല്‍കിയപ്പോള്‍ മാത്രമാണ് കക്ഷി നേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ചയ്ക്ക് തയ്യാറായതെന്നും ഇതില്‍ മുഖ്യമന്ത്രി പങ്കെടുക്കാന്‍ തയ്യാറായില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.