തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി-സർവകലാശാല പരീക്ഷകളിലെ അഴിമതി വ്യാപമാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വകലാശാലകളിലെ മാര്‍ക്ക് ദാനത്തിന് മന്ത്രി കെ.ടി ജലീല്‍ നേതൃത്വം നല്‍കുകയാണെന്നും മന്ത്രി സ്ഥാനം കെ.ടി ജലീല്‍ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പി.എസ്.സിയുടേയും സര്‍വ്വകലാശാലകളുടേയും വിശ്വാസ്യത തകര്‍ക്കാനാണ് ഇടതു മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷേ നേതാവ് ആരോപിച്ചു. പിഎസ്.സിയുടെ പ്ലാനിങ് ബോര്‍ഡ് ലിസ്റ്റിലെ തിരിമറി ഇതാണ് സൂചിപ്പിക്കുന്നത്. പി.എസ്.സി തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും ചെന്നിത്തല പറഞ്ഞു.
കോതമംഗലത്തെ സ്വാശ്രയ കോളേജിലെ വിദ്യാര്‍ഥിനി ആറാം സെമസ്റ്റര്‍ സപ്‌ളിമെന്‍ററി പരീക്ഷയില്‍ ഒരു മാര്‍ക്ക് എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്കായി അനുവദിക്കണമെന്ന് എം.ജി സര്‍വകലാശാലയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നേരത്തെ ഗ്രേസ് മാര്‍ക്ക് അനുവദിച്ചതിനാല്‍ വീണ്ടും മാര്‍ക്ക് നല്‍കാനാവില്ലെന്ന് സര്‍വകലാശാല മറുപടി നല്‍കി. തുടര്‍ന്നാണ് അപേക്ഷ അദാലത്തില്‍ എത്തിയത്. ഈ അദലാത്തില്‍ ചട്ടവിരുദ്ധമായി പങ്കെടുത്ത മന്ത്രി കെ.ടി.ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി മാര്‍ക്ക് അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.
അദാലത്തിന് ഇത്തരമൊരു നടപടിക്ക് അധികാരമില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടി കാണിച്ചതിനെ തുടര്‍ന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേർന്നു. സര്‍വകലാശാല ഇതുവരെ നടത്തിയിട്ടുള്ള ബിടെക്ക് പരീക്ഷകളില്‍ ഏതെങ്കിലും സെമസ്റ്ററുകളില്‍ ഒരു വിഷയത്തില്‍ മാത്രം വിജയിക്കാനുള്ള വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന് പുറമേ അഞ്ച് മാര്‍ക്ക് കൂടി നല്‍കുക എന്ന വിചിത്രമായ തീരുമാനമെടുത്തതായും ചെന്നിത്തല പറഞ്ഞു.
റിസല്‍ട്ട് വന്ന ശേഷം ഇത്തരമൊരു തീരുമാനമെടുക്കാന്‍ സിന്‍ഡിക്കേറ്റിന് ഒരു അധികാരവും ഇല്ലാതിരിക്കെയാണ് ഇഷ്ടക്കാര്‍ക്ക് വേണ്ടി ഇത്തരമൊരു നടപടി സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ ഭാഗത്തു നിന്നുള്ള ചട്ടവിരുദ്ധമായ ഇടപെടലാണ് ഇതിനു പിന്നില്‍. സര്‍വകലാശാലകളുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന നടപടികളാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും. മന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സാങ്കേതിക സര്‍വകലാശാലയില്‍ എഞ്ചിനീയറിങ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ മന്ത്രി കെ.ടി.ജലീല്‍ ഇടപെടലുകള്‍ നടത്തിയതും വിവാദമായിരുന്നു. മാനുഷിക പരിഗണനയോടെ ഇടപെട്ടുവെന്നാണ് അന്ന് മന്ത്രി നല്‍കിയ വിശദീകരണം.