തിരുവനന്തപുരം : ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്തായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാരണ പാലിക്കാത്തതിനാൽ യുഡിഎഫ് യോഗത്തിൽ നിന്ന് മാത്രമാണ് ജോസ് കെ മാണിയെ ഒഴിവാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനത്തെ ചൊല്ലിയുള്ള ധാരണ പാലിച്ചാൽ ജോസ് കെ മാണിക്ക് ഏതുസമയവും യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇല്ലാതെ ചേർന്ന യുഡിഎഫ് യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടക്കത്തോടെയും പരസ്പര സഹകരണത്തോടെയുമാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. പരസ്പരം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെയാണ് പരിഹരിക്കുന്നത്. ഒരു കാര്യത്തിനും വല്യേട്ടൻ മനോഭാവം ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ജോസ് കെ മാണിയെ പുറത്താക്കി എന്ന മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല പറഞ്ഞു.