തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടിന് പിന്നാലെ പോസ്‌റ്റൽ വോട്ടിലും ക്രമക്കേട് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എട്ടു വർഷം മുൻപ് മരിച്ചവരുടെ പേരിൽ പോലും പോസ്‌റ്റൽ വോട്ടിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും സീൽ ചെയ്‌ത ബോക്‌സിൽ അല്ല പോസ്‌റ്റൽ വോട്ടുകൾ ശേഖരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇടത് അനുകൂല ഉദ്യോഗസ്ഥർ പോസ്‌റ്റൽ ബാലറ്റ് നടപടിക്രമങ്ങൾ മുഴുവൻ അട്ടിമറിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വോട്ടർ പട്ടികയിലെ തിരിമറി കള്ള വോട്ട് ചെയ്യാനുള്ള സി.പി.എമ്മിന്‍റെ ശ്രമത്തിന്‍റെ ഭാഗമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ നേട്ടം വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി നേടിയതാണെന്നും അദ്ദേഹം വിമർശിച്ചു.
ഈ അട്ടിമറി തെരഞ്ഞെടുപ്പ് ഫലത്തിൽ നിയമ പ്രശ്‌നങ്ങൾ ഉണ്ടാക്കാമെന്നും തോറ്റവർ സ്വാഭാവികമായും കോടതിയിൽ പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.