തിരുവനന്തപുരം : സ്പ്രിങ്ക്‌ളര്‍ കരാറിനെക്കുറിച്ച് താന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച ശശിധരന്‍നായര്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാരിനുള്ള മംഗളപത്രമെന്ന് പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് സ്വയം രക്ഷപ്പെടാന്‍ വേണ്ടിയുള്ള റിപ്പോര്‍ട്ടാണിത്. മുഖ്യമന്ത്രി അറിയാതെയാണ് ശിവശങ്കര്‍ ഒപ്പിട്ടതെന്ന വാദം നിലനില്‍ക്കുന്നതല്ല.
കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ അന്വേഷിച്ച് ആദ്യം ശരിയെന്ന് കണ്ടെത്തിയത് മാധവന്‍ നായര്‍ കമ്മിഷനാണ്. ഈ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് ശശിധരന്‍നായരെ നിയമിച്ചത്.
ALSO READ: സ്പ്രിങ്ക്ളര്‍ ഡാറ്റ വിവാദം : എം ശിവശങ്കറിന് അന്വേഷണ കമ്മിഷന്‍റെ ക്‌ളീന്‍ ചിറ്റ്
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ശിവശങ്കര്‍ ഇത് ചെയ്തതെന്ന് റിപ്പോര്‍ട്ട് ശരിവയ്ക്കുന്നുണ്ടെങ്കിലും ശിവശങ്കര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത് വിചിത്രവും കൗതുകകരവുമാണ്. ഒരു യോഗ്യതയും ഇല്ലാത്ത സമിതിയാണ് ശശിധരന്‍നായരുടെ നേതൃത്വത്തിലുള്ളത്.
ഈ റിപ്പോര്‍ട്ട് സര്‍ക്കാരും ജനങ്ങളും തള്ളിക്കളയണം. സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകണമെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.