തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാർമികമായി ശരിയല്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിയുടെ പൊലീസ് അന്വേഷിച്ചാൽ എങ്ങനെയാണ് തെളിവ് കിട്ടുകയെന്നും ചെന്നിത്തല ചോദിച്ചു. ഭരണഘടന വിരുദ്ധ പരാമർശത്തിൽ രാജിവച്ച സജി ചെറിയാൻ എംഎൽഎയെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനം.
ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിലും ചെന്നിത്തല പ്രതികരിച്ചു. ഒന്നാം പിണറായി സർക്കാർ കാലത്ത് നടന്ന അഴിമതികളുടെ അറ്റം മാത്രമാണ് പി ജയരാജൻ ഉന്നയിച്ചത്. ജയരാജനെതിരെ ഉയർന്ന ആരോപണം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഹിന്ദു അമ്പലത്തിൽ പോയാലോ തിലക കുറിയിട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് ശരിയല്ല. ഇത്തരം പ്രചാരണങ്ങൾ മോദിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാൻ മാത്രമേ സഹായിക്കൂവെന്ന എ കെ ആന്‍റണിയുടെ പരാമർശത്തെയും ചെന്നിത്തല അനുകൂലിച്ചു. മൃദുഹിന്ദുത്വ സമീപനം എന്നൊരു സമീപനം ഇല്ല. ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്.
സിപിഎമ്മാണ് വർഗീയതയെ അനുകൂലമാക്കി നിർത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക് ഡ്രില്ലിനിടയിൽ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്‌ചയാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.