തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ എം.പി ജോയ്‌സ് ജോര്‍ജിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അങ്ങേയറ്റം സ്ത്രീവിരുദ്ധവും ലൈംഗികചുവയുള്ളതുമായ പ്രസ്‌താവനയാണ് ജോയ്‌സ് ജോര്‍ജ് നടത്തിയത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്ന വേദിയിലാണ് ഇത്തരമൊരു പ്രസ്‌താവന നടത്തിയതെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
സ്ത്രീകളോടുള്ള എല്‍ഡിഎഫിന്‍റെ സമീപനം എത്ര തരം താണതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സ്ത്രീസുരക്ഷ പറഞ്ഞ് അധികാരത്തിലെത്തുകയും സ്ത്രീകളെ അണിനിരത്തി നവോഥാന മതില്‍ കെട്ടുകയും ചെയ്‌ത മുന്നണിയുടെ തനിനിറമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സിപിഎമ്മും ഇടതു മുന്നണിയും ജനങ്ങളോട് മാപ്പു പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിമാരായ എം.എം മണിയും ജി.സുധാകരനും ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവനുമെല്ലാം എക്കാലവും സ്ത്രീ വിരുദ്ധത ഉയര്‍ത്തിപ്പിടിച്ചവരാണ്. കേരളത്തിലെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതു മുന്നണിക്കും ഇതിനുള്ള മറുപടി നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു.