തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ അഴിമതികൾ പുറത്ത് കൊണ്ടു വന്നതിനുള്ള പ്രയാസമാണ് പ്രതിപക്ഷ നേതാക്കൾക്ക് എതിരെയുള്ള കേസെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഐ ക്യാമറ അഴിമതിക്കെതിരെ താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ജൂണ്‍ 16ന് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും കേസെടുത്ത നടപടിയെ കുറിച്ച് തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കേസുകൊണ്ട് രക്ഷപ്പെടാമെന്നത് സര്‍ക്കാറിന്‍റെ വ്യാമോഹം മാത്രം: പ്രതിപക്ഷ നേതാക്കളുടെ വായടപ്പിക്കാനുള്ള വിഫലമായ ശ്രമം മാത്രമാണ് ഈ അറസ്റ്റെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ടൈംസ് സ്‌ക്വയറിൽ പ്രസംഗിക്കുമ്പോഴും മുഖ്യമന്ത്രിയുടെ ശ്രദ്ധ കേസ് എടുക്കുന്നതിലാണെന്നും, കെപിസിസി പ്രസിഡൻ്റിനെയും പ്രതിപക്ഷ നേതാവിനെയും കള്ളക്കേസിൽ കുടുക്കിയാൽ ഗവൺമെന്‍റ് രക്ഷപ്പെടുമെന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ മുങ്ങുന്ന കപ്പലാണെന്നും തുടര്‍ ഭരണത്തില്‍ ആരുടെ മെലെയും കുതിര കയറാമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓരോ അഴിമതിയും പുറത്ത് കൊണ്ടുവരുമ്പോള്‍ ഓരോ പുതിയ കേസുകള്‍ എടുക്കുകയാണെന്നും തനിക്കെതിരെയും കേസുകള്‍ എടുത്തിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
തനിക്കെതിരെയും നിരവധി കേസുകളുണ്ട്: താന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ തനിക്കെതിരെ അഞ്ച് കേസുകളാണ് എടുത്തിട്ടുള്ളത്. എന്നാല്‍ അഞ്ച് കേസുകളില്‍ ഇപ്പോഴും എഫ്‌ഐആര്‍ ഇട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്‍റെ ഓരോ അഴിമതികളും പുറത്ത് കൊണ്ട് വരുമ്പോഴുമാണ് തനിക്കെതിരെ ഈ കേസുകളെല്ലാം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആഭ്യന്തര മന്ത്രിയെ പോലെയാണ് പെരുമാറുന്നത്. പാര്‍ട്ടി സെക്രട്ടറിമാര്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത വാചകങ്ങളും പരാമര്‍ശങ്ങളുമാണ് നടത്തുന്നത്.
കേന്ദ്ര സര്‍ക്കാറിന്‍റെ അതേ പതിപ്പാണ് സംസ്ഥാന സര്‍ക്കാറും: സംസ്ഥാന സര്‍ക്കാറിന് ഓശാന പാടുന്ന മാധ്യമങ്ങള്‍ മാത്രം മതിയെന്ന നിലപാടാണ് ഇപ്പോഴുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ പതിപ്പാണിത്. കേന്ദ്രത്തിൽ സംസാരിക്കുന്ന സീതാറാം യെച്ചൂരി എന്തുകൊണ്ട് കേരളത്തിലെ വിഷയം അപലപിക്കുന്നില്ല? ഇത് ഇരട്ടതാപ്പാണെന്നും ചെന്നിത്തല പറഞ്ഞു. എറണാകുളത്തെ മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച കേസിലെ പ്രതിയായ കെ വിദ്യയെ എന്തുകൊണ്ട് കേരള പൊലീസിന് അറസ്റ്റ് ചെയ്യാനാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.
ബ്ലോക്ക് പ്രസിഡൻ്റുമാരുടെ പട്ടികയെ ചൊല്ലിയുള്ള പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി എഐസിസി അധ്യക്ഷനെ കാണുന്ന തീയതി അറിയിക്കുമെന്നും ചെന്നിത്തല അറിയിച്ചു.