തിരുവനന്തപുരം: നര്‍മത്തില്‍ പൊതിഞ്ഞ ചിന്ത മലയാളിക്ക് സമ്മാനിച്ചയാളാണ് ക്രിസോസ്റ്റം തിരുമേനിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വലിയ ജീവിത പ്രശ്‌നങ്ങള്‍ പോലും നര്‍മത്തില്‍ ചാലിച്ച ചിന്തയിലൂടെ അലിയിച്ചു കളഞ്ഞ വലിയ ഇടയന്‍, സന്തോഷത്തിന്‍റെയും ആഹ്ളാദത്തിന്‍റെയും ഒരുപാട് ഓര്‍മകള്‍ ലോകത്തിന് സമ്മാനിച്ചാണ് മടങ്ങുന്നത്. ജാതി മത വേലിക്കെട്ടുകള്‍ക്ക് അപ്പുറത്ത് മനുഷ്യരുടെ ദുഃഖത്തില്‍ ഇടപെടുകയും അവ പരിഹരിക്കാന്‍ തന്നാലാവുന്നത് എല്ലാം പ്രവര്‍ത്തിക്കുകയും ചെയ്ത മഹാവ്യക്തിത്വമാണ് വിടപറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്: ചിരിയുടെ വലിയ തമ്പുരാൻ വിടവാങ്ങി : ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓർമ്മയായി
വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന വലിയ തിരുമേനിയുടെ വേര്‍പാട് അങ്ങേയറ്റം സങ്കടമുണ്ടാക്കുന്നുണ്ട്. തന്നെ എന്നും സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു ആവോളം വാത്സല്യം നല്‍കിയിരുന്നു. ആത്മീയ അനുഭൂതിയും പോസിറ്റീവ് ചിന്തകളും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളുടെ സമ്മാനമാണ്. ദൈവത്തെ പോലും ചിരിപ്പിക്കുന്ന വലിയ ഇടയന്‍ മലയാളിയുടെ വരദാനമായിരുന്നു. നര്‍മത്തിന്‍റെ മേലാട ചാര്‍ത്തിയ നുറുങ്ങുകളും കഥകളും, വിഷമങ്ങളെ മറികടക്കാന്‍ വരും തലമുറകളെയും സഹായിക്കുമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ കുറിച്ചു.
കൂടുതല്‍ വായനയ്ക്ക്: വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി